കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കിനി നല്ല കാലം; ശമ്പളം നല്‍കുന്നതില്‍ കുടിശിക വരുത്തിയാല്‍ പ്രതിമാസം 10 ദിനാര്‍ വരെ പിഴ

  • 09/05/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട 68/2015 നിയമത്തിലെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ സംബന്ധിച്ച് നീതിന്യായ മന്ത്രി ജമാൽ അൽ- ജലാവി 22/2022 നമ്പർ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ചില ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയും ചില പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മെയ് 8  മുതല്‍ ഇത് ബാധകമാക്കിയിട്ടുണ്ട്. 

പുതിയ നിയന്ത്രണങ്ങളിലെ ആര്‍ട്ടിക്കിള്‍ 38 മാന്‍പവര്‍ അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്. ഒരു തൊഴിലുടമയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളിയെ മറ്റൊരു ഉടമയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഈ ആര്‍ട്ടിക്കിളില്‍ വരുന്നത്. തൊഴിലുടമയുടെ മരണം, ദമ്പതികള്‍ വേര്‍പിരിയുന്ന അവസ്ഥ, ഗാർഹിക തൊഴിലാളിയോട് ലൈംഗിക ചുവയോടെ സംസാരിക്കുക തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ട്രാന്‍സ്ഫര്‍ സാധ്യമാകുന്നത്.

ഏത് സാഹചര്യത്തിലും തൊഴിലാളിയുടെ ശമ്പളത്തിൽ നിന്ന് ഏതെങ്കിലും തുക കുറയ്ക്കുന്നത് പുതിയ നിയന്ത്രണം തടയുന്നുണ്ട്. കൂടാതെ, ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ഭക്ഷണവും വസ്ത്രവും തൊഴിലുടമകള്‍ തന്നെ നല്‍കണം. ഒപ്പം ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ വേതനം 75 ദിനാര്‍ ആക്കി മാന്‍പവര്‍ അതോറിറ്റി ഉയര്‍ത്തിയിട്ടുമുണ്ട്. 

ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ശമ്പളം നല്‍കുന്നതില്‍ കുടിശിക വരുത്തിയാല്‍ പ്രതിമാസം 10 ദിനാര്‍ വരെ പിഴയായും നല്‍കേണ്ടി വരും. 11 മാസത്തെ ജോലിക്ക് ശേഷം ശമ്പളത്തോടുകൂടിയ 30 ദിവസത്തിൽ കുറയാത്ത വാർഷിക അവധി തൊഴിലുടമ ഉറപ്പാക്കണം. ഓരോ ആറ് പ്രവർത്തി ദിവസങ്ങൾക്കു ശേഷവും തുടർച്ചയായി 24 മണിക്കൂർ നീണ്ട ശമ്പളത്തോട് കൂടിയ വിശ്രമദിനം അനുവദിക്കണം. രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു ദിവസം ഓവര്‍ ടൈം ജോലി എടുപ്പിക്കാനും ഇനി സാധിക്കില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News