വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു; നാട്ടിലേക്ക് പോകാനാകാതെ വലഞ്ഞു പ്രവാസികൾ

  • 10/05/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍  വേനലവധി ആസന്നമായതോടെ ഇന്ത്യയിലേക്കുള്ള വിമാനയാത്രാ നിരക്കില്‍ റിക്കോര്‍ഡ് വര്‍ദ്ധന. പരിമിതമായ നിലയില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കിലും മൂന്നും നാലും ഇരട്ടിവരെയാണ് ടിക്കറ്റ് നിരക്ക്. പ്രവാസികള്‍ ഏറെയുള്ള കേരളത്തിലേക്കാണ് കഴുത്തറപ്പന്‍ നിരക്ക്. കുവൈത്തില്‍  നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഉയര്‍ന്ന റേറ്റാണ് കാണിക്കുന്നത് .എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും കുവൈത്ത് എയര്‍വേസ്, ജസീറ എയര്‍ലൈന്‍സ് ഉള്‍പെടെയുള്ള ഗള്‍ഫ്, വിദേശ കമ്പനികളുടെ നിരക്കുകളും സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ട്.  മണിക്കൂറുകളെടുത്തു മറ്റു രാജ്യങ്ങൾ വഴി പോകുന്ന കണക്​ഷൻ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്. 

അടുത്ത ദിവസങ്ങളില്‍ മിക്ക വിമാന കമ്പനികളിലും വൺവേക്ക് മാത്രം  70 -100 ദിനാറിനിടയിലാണ് ടിക്കറ്റ് നിരക്കുകള്‍ കാണിക്കുന്നത്. നേരത്തെ കോവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ടിക്കറ്റുകള്‍ എടുക്കാമെന്ന് കരുതിയ പ്രവാസികളാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. കോവിഡിനു മുൻപുണ്ടായിരുന്ന സർവീസുകൾ പൂർണമായും പുനരാരംഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഈ മേഖലയിലെ ആളുകള്‍ പറയുന്നത്. അതോടപ്പം യാത്രക്കാര്‍ കൂടുമ്പോൾ നിരക്കു കൂട്ടുന്ന വിമാന കമ്പിനികളുടെ പതിവു രീതിയും ഇപ്പോഴത്തെ വര്‍ദ്ധനക്ക് കാരണമാണ്.അതിനിടെ  പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന കുവൈത്തില്‍ അതിന് ആനുപാതികമായി വിമാന സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകള്‍ വകുപ്പ് മന്ത്രിക്കും അധികാരികള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. 

മുന്‍ കാലങ്ങളില്‍ റിട്ടേണ്‍ ടിക്കറ്റ് ലഭിച്ചതിനേക്കാളുമധികം നിരക്കാണ് ഇത്തവണ വണ്‍വേ ടിക്കറ്റിന് ഈടാക്കുന്നത്. എയര്‍ ബബിള്‍ കരാര്‍ പിന്‍വലിച്ചുവെങ്കിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നത് യാത്രക്കാരില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്.മൂന്ന് വര്‍ഷത്തിലേറെയായി കൊറോണ കാരണം നാട്ടിലേക്ക് പോകാന്‍ കഴിയാത്ത തുച്ഛവരുമാനക്കാരായ പ്രവാസികളെയാണ് നിരക്ക് ശരിക്കും വിഷമത്തിലാക്കിയത്. ചുരുങ്ങിയത് രണ്ടും മൂന്നും മാസത്തെ ശമ്പളം ഉണ്ടായാലേ മടക്കയാത്ര ടിക്കറ്റ് എടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന സ്ഥിതിയാണിപ്പോഴുള്ളത്. അതുകൊണ്ടുതന്നെ നാടെന്ന മോഹവും അത്തരക്കാര്‍ക്ക് സ്വപ്‌നമാവുകയാണ്. ഇപ്പോഴത്തെ നിലയില്‍ ഒരു കുടുംബത്തിന് കേരളത്തിലെത്തണമെങ്കില്‍ ലക്ഷങ്ങളാണ് വേണ്ടിവരിക.വിമാന കമ്പനികള്‍ ഈടാക്കുന്ന ഭീമമായ  നിരക്കിന് യാതൊരു കാരണവുമില്ലെന്നും ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News