വിവാഹ ചടങ്ങിനിടെ വരൻ തലകറങ്ങി വീണു; വിഗ് വെച്ചത് കണ്ട് വിവാഹത്തില്‍ നിന്ന് പിന്‍മാറി വധു

  • 23/05/2022

ഉന്നാവോ: വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോള്‍ വരന്റെ വിഗ് തെന്നി മാറുകയായിരുന്നു. ഇത് കണ്ടതോടെയാണ് വധു വിവാഹം ഉപേക്ഷിച്ചത്.

കഷണ്ടിയുള്ള കാര്യം വിവാഹത്തിന് മുമ്പ് വരൻ പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചതാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണം. ബന്ധുക്കളെല്ലാം വധുവിനെ പറഞ്ഞ് മനസിലാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവ‍ര്‍ വഴങ്ങില്ല. പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ ഒടുവിൽ ലോക്കൽ പോലീസും സംഭവത്തിൽ ഇടപെട്ടു. എന്നാൽ താൻ വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിൽ വധു ഉറച്ചുനിന്നതോടെ പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. ഒടുവിൽ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ക്ക് ചെലവായ 5.66 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ നൽകുകയുമായിരുന്നു.

വിവാഹത്തിന് മുന്പ് കഷണ്ടിയുടെ  കാര്യം പറഞ്ഞിരുന്നെങ്കിൽ വധുവടക്കമുള്ള ബന്ധുക്കൾ മാനസികമായി തയ്യാറാവുമായിരുന്നു. അനുനയത്തിന് ശ്രമിച്ചെങ്കിലും വധു തയ്യാറായില്ലെന്നും ഒടുവിൽ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Related News