മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റ് വിമാനം ഇറക്കിയ സംഭവം: എയര്‍ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ.

  • 02/06/2022



ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡം പാലിക്കാത്തതിന് വിമാനക്കമ്പനിയായ എയര്‍ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). മധ്യപ്രദേശിലെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പൈലറ്റ് വിമാനം ഇറക്കിയ സംഭവത്തിലാണ് ഡി.ജി.സി.എ. എയര്‍ വിസ്താരയ്ക്ക് പിഴയിട്ടത്.

വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്ന പൈലറ്റ്, ഫ്‌ളൈറ്റ് സിമുലേറ്ററില്‍ ആവശ്യമായ പരിശീലനം നേടാതെയാണ് ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതെന്ന് ഡി.ജി.സി.എ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന ഗുരുതരമായ ചട്ടലംഘനമാണിത്.

യാത്രക്കാരേയും വഹിച്ചുള്ള ഒരുവിമാനം ലാന്‍ഡ്‌ചെയ്യുന്നതിന് മുമ്പ് സിമുലേറ്ററില്‍ വിമാനം ഇറക്കുന്നതില്‍ ഫസ്റ്റ് ഓഫീസര്‍ പരിശീലനം നേടിയിരിക്കണം. ഫസ്റ്റ് ഓഫീസര്‍ക്ക് ലാന്‍ഡിങ് നിര്‍ദേശം നല്‍കേണ്ട ക്യാപ്റ്റനും ഇത്തരത്തില്‍ സിമുലേറ്റര്‍ പരിശീലനം നേടിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇന്‍ഡോറില്‍ ലാന്‍ഡ് ചെയ്ത വിസ്താരയിലെ ഫസ്റ്റ് ഓഫീസര്‍ക്കോ ക്യാപ്റ്റനോ ഇത്തരത്തില്‍ പരിശീലനം ലഭിച്ചിരുന്നില്ല. ഇക്കാര്യം വിമാനത്തിന്റെ ലാന്‍ഡിങ് വേളയിലാണ് പുറത്തറിയുന്നത്.

Related News