കുവൈത്തി വത്കരണം; വിവിധ മന്ത്രാലയങ്ങളുടെ കണക്കുകൾ പുറത്ത്, ഏറ്റവും കൂടുതൽ പ്രവാസികൾ ജോലി ചെയ്യുന്നത് ആരോഗ്യ മന്ത്രാലയത്തിൽ

  • 04/06/2022

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലുമായി 17 സർക്കാർ ഏജൻസികളിലെ കുവൈത്ത് ഇതര തൊഴിലാളികളുടെ കണക്കുകൾ പുറത്ത് വിട്ട് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്. 2021 ഡിസംബർ വരെയുള്ള കണക്കാണിത്. 54.6 ശതമാനം എന്ന തരത്തിൽ കുവൈത്ത് ഇതര ജീവനക്കാരുടെ ഏറ്റവും ഉയർന്ന ശതമാനം ആരോഗ്യ മന്ത്രാലയത്തിലാണ്. 20 ശതമാനവുമായി വിദ്യാഭ്യാസ മന്ത്രാലമാണ് പിന്നിലുള്ളത്. 

എന്നാൽ അധ്യാപകരുടെ ദൗർലഭ്യം കാരണവും മെഡിക്കൽ, ഹെൽത്ത് ജോലികളിലുള്ള ചില സ്പെഷ്യലൈസേഷനുകളും മൂലം കുവൈത്തിവത്കരണ തീരുമാനത്തിൽ ഇവ ഉൾപ്പെടുത്തിയില്ല എന്നതാണ് ശതമാനത്തിൽ വർധനവിന് കാരണം. ഏറ്റവും കുറഞ്ഞ നിരക്കിൽ കുവൈത്ത് ഇതര ജീവനക്കാരുള്ളത് പ്രതിരോധ മന്ത്രാലയത്തിലാണ്, 0.8 ശതമാനം. 0.9 ശതമാനം മാത്രമായി എണ്ണ മന്ത്രാലയവും തൊട്ടടുത്തുണ്ട്. 1.5 ശതമാനവുമായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. 

പൊതുമരാമത്ത്, വാണിജ്യ, ധന, ആഭ്യന്തര മന്ത്രാലങ്ങളാണ് യഥാക്രമമായി പിന്നിലുള്ളത്. കുവൈത്തിവത്കരണ തീരുമാനത്തിന്റെ സാഹചര്യത്തിൽ സ്വീകരിച്ച നടപടികൾ കാരണം സർക്കാർ ഏജൻസികളിലെ കുവൈത്ത് ഇതര ജീവനക്കാരുടെ ശതമാനം നിലവിലെ നിരക്കിനേക്കാൾ കൂടുതൽ കുറയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 

ഒരു വശത്ത് സിവിൽ സർവീസ് കൗൺസിലിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായി കുവൈറ്റ് ഇതര ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാൻ അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഒപ്പം  ജീവനക്കാരുടെ നിയമനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. മറവശത്ത് ലഭ്യമായ മേഖലകളിലെല്ലാം കുവൈത്തികളെ നിയമിക്കാനാണ് ശ്രദ്ധ നൽകുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News