കുവൈത്തി പൗരനെ കുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

  • 06/06/2022

കുവൈത്ത് സിറ്റി: കുവൈത്തി പൗരനെ കുത്തിയ കേസിൽ ഒരാളെ ഫിന്റാസ് പൊലീസ് അറസ്റ്റ് ചെയ്തു. മാഹ്‍ബൗലയിലാണ് സംഭവം. അമ്പത് വയസുള്ള കുവൈത്തി പൗരനാണ് പരിക്കേറ്റത്. സംഭവത്തിൽ അറസ്റ്റ് ചെയ്തത് ഒരു ഏഷ്യക്കാരനെ ആണെന്ന് റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നു. എന്നാൽ, പിടിയിലായത് കുവൈത്തി പൗരൻ തന്നെയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പണം നൽകിയില്ലെങ്കിൽ വഴിയാത്രക്കാരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാചകനാണ് പ്രതിയെന്നാണ് സംശയിക്കപ്പെടുന്നത്.

യാചകൻ സഹായം അഭ്യർത്ഥിച്ച് പരിക്കേറ്റ കുവൈത്തി പൗരനെ സമീപിക്കുകയായിരുന്നു. എന്നാൽ, പേഴ്സ് പുറത്തെടുത്തപ്പോൾ അത് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ കുത്തുകയും അജ്ഞാതമായ സ്ഥലത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു. കേസിന്റെ സാഹചര്യം മനസിലാക്കുന്നതിന് അധികൃതർ അദ്ദേഹത്തിന്റെ മൊഴി എടുത്തിട്ടുണ്ട്. കൂടാതെ, കുത്തിയ കത്തി കണ്ടെത്താനുള്ള ശ്രമങ്ങളിലുമാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിൽ നിന്ന് ഇറങ്ങി കാർ പാർക്കിൽ എത്തിയപ്പോഴാണ് സഹായം ചോദിച്ച് യാചകൻ എത്തിയെന്നും കണ്ടാൽ ഏഷ്യക്കാരാണെന്ന് തോന്നിക്കുന്ന ആൾ പഴ്സ് എടുത്തപ്പോൾ കുത്തുകയായിരുന്നുവെന്നുമാണ് പരിക്കേറ്റയാളുടെ മൊഴി.

Related News