കുവൈത്തിൽ സന്ദർശക വിസയിലെത്തിയ ശേഷം മടങ്ങിപോകാതിരിക്കൽ; സ്പോൺസർമാർക്ക് പിഴ ചുമത്തിയേക്കും

  • 07/06/2022

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ രാജ്യത്തേക്ക് കൊണ്ടുവന്ന ആളുകൾ തിരികെ പോകാത്ത സാഹചര്യത്തിൽ ചില വിദേശ സ്പോൺസർമാർക്ക് പിഴ ചുമത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. ശിക്ഷ എന്ന നിലയിൽ ഇത്തരം സ്പോൺസർമാർക്ക് രണ്ട് വർഷത്തേക്ക് ഫാമിലി വിസ ഉൾപ്പെടെ ഒരു തരത്തിലുള്ള വിസയും നൽകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം ഈ നടപടിക്രമങ്ങൾ പഠിച്ചുവരികയാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് പ്രവേശിച്ച 14,653 പ്രവാസികൾ തിരികെ പോയിട്ടില്ലെന്ന് റെസിഡൻസ് അഫയേഴ്‌സ് സെക്ടർ റിപ്പോർട്ട് നൽകിയിരുന്നു.  2022 മെയ് ഒന്ന് വരെയുള്ള കണക്കാണിത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ആലോചിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്. അതേസമയം, രാജ്യത്ത് നിലവിയിൽ റെസിഡൻസി നിയമലംഘകരായ 149,195 ഉണ്ടെന്നുള്ളതാണ് കണക്കുകൾ. ഇവർക്ക് പിഴ അടച്ച് രാജ്യം വിടാനും പുതിയ വിസയിൽ തിരികെ എത്താനുമുള്ള അവസരം നൽകുന്നതിനെ കുറിച്ചും മന്ത്രാലയം ആലോചിക്കുന്നുണ്ട്. അവസരം പ്രയോജനപ്പെടുത്തുകയും സ്വമേധയാ രാജ്യം വിടുകയും ചെയ്താൽ അവരുടെ പേരുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News