കുവൈത്ത് ആരോഗ്യമന്ത്രാലയം ഹജ്ജ് തീർഥാടകർക്കുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.

  • 07/06/2022

കുവൈത്ത് സിറ്റി : കുവൈത്തില്‍  ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. 18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇത്തവണ ഹജ്ജിന് അനുമതി നൽകുകയുള്ളൂവെന്നും തീർത്ഥാടകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി 72 മണിക്കൂറിനുള്ളിൽ എടുത്ത  പി.സി.ആർ പരിശോധനയും പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. നേരത്തെ ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യ മുൻകരുതൽ ചട്ടങ്ങൾ ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പുറത്ത് വിട്ടിരുന്നു. 

ഇൻഫ്ലുവൻസ സാധ്യതയുള്ള തീർഥാടകർ, ഗർഭിണികൾ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരോട് ഈ വർഷത്തെ ഹജ്ജ്, ഉംറ ചടങ്ങുകൾ മാറ്റിവയ്ക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. സാംക്രമിക ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങളോ ഉള്ള ആളുകളുമായി സമ്പർക്കം പുലർത്തുരുതെന്നും തിരക്കേറിയ സ്ഥലങ്ങൾ കഴിയുന്നത്ര ഒഴിവാക്കണമെന്നും  അധികൃതര്‍ അഭ്യര്‍ഥിച്ചു.ഹജ്ജ് കഴിഞ്ഞ് തിരികെയെത്തിയാല്‍ പത്ത് ദിവസത്തിനകം കൊറോണ വൈറസ് പരിശോധന നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

Related News