നൂപുര്‍ ശര്‍മയുടെ തല വെട്ടുന്നതായുള്ള വീഡിയോ പുറത്തുവിട്ടയാള്‍ അറസ്റ്റില്‍

  • 11/06/2022

ദില്ലി: വിദ്വേഷ പരാമര്‍ശത്തില്‍ വിവാദത്തിലായ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയുടെ തല വെട്ടുന്നതായി കാട്ടിയുള്ള വീഡിയോ ഇറക്കിയ യൂട്യൂബര്‍ അറസ്റ്റില്‍. ഫൈസല്‍ വാണിയെ ജമ്മു കശ്മീര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. 

കേസ് എടുത്തതിന് പിന്നാലെ ഫൈസല്‍ വീഡിയോ പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കശ്മീരീ യുട്യൂബറാണ് ഫൈസല്‍ വാണി. ഇയാള്‍ പുറത്തുവിട്ട വീഡിയോ വലിയ തോതില്‍ പ്രചരിക്കുകയും നിശിതമായ വിമര്‍ശനം ഇതിനെതിരെ ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫൈസല്‍ മാപ്പ് പറഞ്ഞത്. വീഡിയോ കൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നതായും വാണി വ്യക്തമാക്കി.

വധഭീഷണിയുണ്ടെന്ന് നേരത്തെ നുപുര്‍ ശര്‍മ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. തന്നെയും കുടുംബത്തിനെയും വകവരുത്തുമെന്ന് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം ഭീഷണിമുഴക്കിയെന്നാണ് നുപുര്‍ ശര്‍മ്മ പരാതിയില്‍ പറഞ്ഞത്. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് നുപുര്‍ ശര്‍മ്മയ്ക്ക് വധഭീഷണി എത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത ആളുകള്‍ക്കെതിരെയായിരുന്നു കേസ്.

Related News