അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധം രൂക്ഷം; സെക്കന്തരാബാദില്‍ പൊലീസ് വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • 17/06/2022

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ തെക്കേ ഇന്ത്യയിലും പ്രതിഷേധം ശക്തമാകുന്നു. സെക്കന്തരാബാദില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് നടത്തിയ വെടിവെയ്പില്‍ യുവാവ് മരിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു. 

പദ്ധതിക്കെതിരെ പ്രതിഷേധവുമായി സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ആളുകള്‍ സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ നിയന്ത്രിക്കാനാണ് പൊലീസ് വെടിവെയ്പ് നടത്തിയത്.

ബിഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും ആക്രമണമുണ്ടായി. പ്രതിഷേധക്കാര്‍ സ്റ്റേഷന്‍ അടിച്ച് തകര്‍ത്തു. സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ബിഹാറിന് പുറമെ ഉത്തര്‍പ്രദേശിലും വ്യാപക അക്രമം തുടരുകയാണ്. ബാലിയ സ്റ്റേഷനില്‍ ഒരു ട്രെയിന്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

അതേസമയം പദ്ധതി ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചനയുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തുവന്നു. നിയമനത്തിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. യുവാക്കള്‍ റിക്രൂട്ട്‌മെന്റിന് തയാറായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അഗ്നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത് അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി യുവാക്കള്‍ തിരസ്‌കരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതകിരിച്ചു. കൃത്യമായ ആസൂത്രണമില്ലാതെയെന്ന് അഗ്നിപഥ് നടപ്പാക്കിയത്. 24 മണിക്കൂറിനകം ചട്ടം മാറ്റേണ്ടിവന്നത് ഇതിന്റെ തെളിവാണെന്നും പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി.


Related News