ഒരൊറ്റ വീഡിയോ കോള്‍; ബിസിനസുകാരന് നഷ്ടമായത് രണ്ടു ലക്ഷത്തിലേറെ രൂപ

  • 17/06/2022

മുംബൈ: ഒരൊറ്റ വീഡിയോ കോളിലൂടെ മുംബൈയിലെ ബിസിനസുകാരന് നഷ്ടമായത് ലക്ഷങ്ങള്‍. കഴിഞ്ഞ ദിവസം പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച് രണ്ട് ലക്ഷത്തിലേറെ രൂപയാണ് അയാള്‍ക്ക് നഷ്ടമായത്. വീണ്ടും പണം നഷ്ടപ്പെടുമെന്ന പേടിയിലാണ് ഒടുവില്‍ അയാള്‍ പോലീസില്‍ വിവരം അറിയിച്ചത്. 

മുംബൈയിലെ പ്രമുഖമായ ഒരു ഭവനവായ്പാ കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവിനാണ് ഈ അനുഭവമുണ്ടായത്. 57കാരനായ ഇയാള്‍ പടിഞ്ഞാറന്‍ ബാന്ദ്രയിലാണ് താമസിക്കുന്നത്. ദില്ലി പോലീസ് സൈബര്‍ സെല്ലില്‍നിന്നാണെന്ന് പറഞ്ഞ് വിളിച്ച ഒരപരിചിതനാണ് ഇയാളുടെ പണം തട്ടിയെടുത്തത്. 

ജൂണ്‍ പതിനൊന്നിനാണ് ഇയാള്‍ക്ക് ഒരു വീഡിയോ കോള്‍ ലഭിക്കുന്നത്. അന്ന് അയാള്‍ക്ക് ഒരു വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചു. വീഡിയോ സെക്‌സില്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചായിരുന്നു മെസേജ്. അതെ എന്ന് അയാള്‍ മറുപടി നല്‍കി. തൊട്ടുപിന്നാലെ ഒരു വീഡിയോ കോള്‍ വന്നു. ഒരു സ്ത്രീയായിരുന്നു അപ്പുറത്ത്. അവര്‍ നഗ്‌നയായിരുന്നു. എന്നാല്‍, മുഖം കാണിച്ചിരുന്നില്ല. അവര്‍ അയാളോട് ബാത്‌റൂമിലേക്ക് വന്ന് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. അയാള്‍ വസ്ത്രങ്ങള്‍ അഴിച്ച് സംസാരിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോണ്‍ കട്ടായി- മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇതിന് പിന്നാലെ ഒരു സ്ത്രീ അയാളെ വിളിച്ചു. നഗ്‌ന വീഡിയോ തങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ അത് സഹോദരിക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. 81,000 രൂപയായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.  

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ദില്ലി സൈബര്‍ ക്രൈം സെല്ലില്‍ നിന്നാണെന്ന് പറഞ്ഞ് മറ്റൊരു കോള്‍ വന്നു.  വിക്രം റാഥോഡ് എന്നു പേര് പറഞ്ഞ ഒരു പുരുഷനായിരുന്നു വിളിച്ചത്. കേസില്‍ കുടുക്കുമെന്നും വീഡിയോ വൈറലാവുമെന്നും അയാള്‍ ഭീഷണി മുഴക്കി. രണ്‍വീര്‍ ഗുപ്ത എന്നയാളെ സമീപിച്ച് 51,500 രൂപ കൈമാറണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, പരാതിക്കാരന്‍ ഇവര്‍ പറഞ്ഞ തുക ഗുപ്ത എന്നു പരിചയപ്പെടുത്തിയ ഒരാള്‍ക്ക് കൈമാറി. 

എന്നാല്‍ വീണ്ടും ഒരു 51,500 രൂപ കൂടി നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രത്യക്ഷപ്പെടാതിരിക്കാന്‍ മറ്റൊരു ഒരു ലക്ഷം രൂപ കൂടി അവര്‍ ആവശ്യപ്പെടുകയും താന്‍ നല്‍കുകയും ചെയ്തതായി ബാന്ദ്ര പോലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറയുന്നു.  

Related News