യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

  • 21/06/2022

ന്യൂദല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകും. തൃണമൂല്‍ കോണ്‍ഗ്രസ് പദവികള്‍ അദ്ദേഹം ഒഴിയും. ആദ്യ ഘട്ടം മുതല്‍ തന്നെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ പേരുകളില്‍ സിന്‍ഹയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സമയമായെന്നും മമത ബാനര്‍ജി ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്‍ഹ ട്വീറ്റ് ചെയ്തു.മമത ബാനര്‍ജിക്ക് നന്ദിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് യശ്വന്ത് സിന്‍ഹ അറിയിച്ചു. രാഷ്ട്രപതി സ്ഥാനര്‍ഥിയാകണമെങ്കില്‍ തത്ക്കാലത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കോണ്‍ഗ്രസും സി.പി.ഐ.എമ്മും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു യശ്വന്ത് സിന്‍ഹ. കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യ മന്ത്രിയായും മുന്‍ ബി.ജെ.പി നേതാവായ യശ്വന്ത് സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ലാണ് അദ്ദേഹം ബി.ജെ.പി വിട്ടത്.

Related News