വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് മസ്‍കറ്റ് ഇന്ത്യൻ സ്കൂൾ

  • 23/06/2022


മസ്‍കറ്റ്: വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് മസ്‍കറ്റ് ഇന്ത്യൻ സ്കൂൾ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃത് മഹോത്സവുമായി ബന്ധപ്പെടുത്തി മസ്കറ്റിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് 'മസ്‌കറ്റ് യോഗ മഹോത്സവ്' സംഘടിപ്പിച്ചത്.

യോഗയെ കുറിച്ചുള്ള ശ്രീവിനീത് പണ്ഡിറ്റിന്റെ സ്വന്തം രചനയുടെ ആഖ്യാനം മസ്‍കറ്റ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിക്ക് നിറം പകർന്നു. മസ്‌കറ്റിലെ റിയാം പാർക്കിൽ ചിത്രീകരിച്ച യോഗയുടെ ഒരു ഹ്രസ്വ വീഡിയോ ചടങ്ങിൽ പ്രദര്‍ശിപ്പിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ പശ്ചിമേഷ്യൻ വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് അഹമ്മദ് സലേം അൽ ഷാൻഫാരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന എല്ലാവിധ പിന്തുണയ്ക്കും ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോടും ഒമാനിലെ ജനങ്ങളോടും ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് നന്ദി രേഖപ്പെടുത്തി. ഒപ്പം ഒമാനിലെ എല്ലാ യോഗ സംഘടനകൾക്കും, ഇന്ത്യൻ സ്കൂളുകൾക്കും യോഗ പ്രേമികൾക്കും സ്ഥാനപതി നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ത്യ-ഒമാൻ ബന്ധത്തിന് കൂടുതൽ ശക്തി പകരുന്നതും, ജനങ്ങൾ തമ്മിലുള്ള നിർണായക ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതുമായ പരിപാടിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തുവെന്ന് മസ്കറ്റ് ഇന്ത്യൻ എംബസിയുടെ ട്വിറ്റര്‍ സന്ദേശത്തിൽ പറയുന്നു. മസ്‌കറ്റ്, സലാല, സൊഹാർ, സൂർ എന്നീ നഗരങ്ങൾ ഉൾപ്പെടെ ഒമാനിലുടനീളം 'മസ്‌കത്ത് യോഗ മഹോത്സവ്' സംഘടിപ്പിച്ചിരുന്നു.

Related News