വിവാഹാഘോഷം അതിരുകടന്നു; വരന്‍റെ വെടിയേറ്റ് സുഹൃത്ത് കൊല്ലപ്പെട്ടു

  • 23/06/2022

ലഖ്‌നൗ: വിവാഹ വേളയില്‍ ആഘോഷത്തിന്‍റെ ഭാഗമായി വരന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ ബ്രംനഗറിലാണ് സംഭവം ഉണ്ടായത്.

വരന്‍ മനീഷ് മധേശിയാണ് വിവാഹ ആഘോഷങ്ങള്‍ക്കിടെ വെടിയുതിര്‍ത്തത്. വരന്‍റെ സുഹൃത്ത് ബാബു ലാല്‍ യാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രഥം പോലെ അലങ്കരിച്ച വേദിയില്‍ മനീഷ് നില്‍ക്കുന്നതും ആളുകള്‍ ചുറ്റും കൂടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ആഘോഷങ്ങളുടെ ഭാഗമായി മനീഷ് വെടിയുതിര്‍ക്കുകയായിരുന്നു. സൈനികനായ ബാബുവിന്റേതായിരുന്നു മനീഷ് ഉപയോഗിച്ച തോക്ക്. വരന്‍ മനീഷും കൊല്ലപ്പെട്ട ബാബു യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര എസ്പി പ്രതാപ് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. വെടിടേറ്റയുടന്‍ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. ബാബുവിന്റെ കുടുംബം പരാതി നല്‍കിയതിനേത്തുടര്‍ന്ന് മനീഷിനെ അറസ്റ്റ് ചെയ്തു. തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.

Related News