ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പിക്കും

  • 24/06/2022

ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ദ്രൗപതി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും. 

പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ദില്ലിയിലെത്തിയ മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും, രാജ്യത്തിന്റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുര്‍മ്മുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. നിതീഷ് കുമാറിന്റെ ജെഡിയുവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും കൂടി പിന്തുണ അറിയിച്ചതോടെ അനായാസ വിജയം ഉറപ്പാക്കിയിരിക്കുകയാണ് ഇവര്‍. 

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത നവീന്‍ പട്‌നായിക്, ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു. ഉന്നത പദവിയിലേക്ക് പട്ടിക വര്‍ഗ്ഗത്തില്‍ നിന്നൊരു വനിതയെ സ്ഥാനാര്‍ത്ഥിയാക്കതില്‍ സന്തോഷമുണ്ടെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

Related News