ഇന്‍സ്റ്റഗ്രാം താരമായ യുവതിയെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; കൊല നടത്തിയത് ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം

  • 25/06/2022

ആഗ്ര: ഇന്‍സ്റ്റാഗ്രാം താരമായ യുവതിയെ നാലാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനിയായ റിതിക സിങ്ങ്(30) ആണ് മരിച്ചത്. ഭര്‍ത്താവ് അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊല നടത്തിയത്.

സംഭവത്തില്‍ റിതികയുടെ ഭര്‍ത്താവ് ആകാശ് ഗൗതം അടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ 44,000-ലേറെ ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണ് റിതിക സിങ്. ഫാഷന്‍, ഭക്ഷണരംഗത്തെ ടിപ്പുകളും മറ്റുമാണ് ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന റിതിക കഴിഞ്ഞ നാലു വര്‍ഷമായി സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. 

രണ്ടു മാസം മുമ്പാണ് ഇരുവരും ആഗ്രയിലെ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. റിതികയും സുഹൃത്തായ വിപുല്‍ അഗര്‍വാളും താമസിക്കുന്ന ആഗ്രയിലെ ഓംശ്രീ അപ്പാര്‍ട്ട്‌മെന്റില്‍  ആണ് കൊലപാതകം നടന്നത്. വെള്ളിയാഴ്ചയാണ് റിതികയുടെ ഭര്‍ത്താവ് ആകാശും രണ്ട് യുവതികളും അടക്കം അഞ്ചംഗസംഘം ഫ്‌ളാറ്റില്‍ അതിക്രമിച്ച് കടന്നു. തുടര്‍ന്ന് ഇരുവരെയും പ്രതികള്‍ മര്‍ദിച്ചു. രണ്ടു പേരുടെയും കൈകള്‍ കെട്ടിയിട്ടു. വിപുലിനെ കുളിമുറിയില്‍ പൂട്ടിയിട്ടു. പിന്നാലെ കൈകള്‍ കെട്ടിയ റിതികയെ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍നിന്ന് തള്ളിയിട്ടെന്നാണ് വിവരം. 

കുളിമുറിയില്‍ കുടുങ്ങിയ വിപുല്‍ ബഹളംവെച്ചതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അയല്‍ക്കാര്‍ ഫ്‌ളാറ്റിലേക്ക് ഓടിയെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും യുവതികളെയും ആകാശിനെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

ഫിറോസാബാദ് സ്വദേശിയായ ആകാശും റിതികയും 2014-ലാണ് വിവാഹിതരായത്. മൂന്നു വര്‍ഷത്തിന് ശേഷം റിതിക ഫെയ്‌സ്ബുക്ക് വഴി വിപുലുമായി സൗഹൃദത്തിലായി. 2018-ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ഇവര്‍ പിന്നീട് വിപുലിനൊപ്പം താമസിച്ചുവരികയായിരുന്നു. 

Related News