ഔറംഗാബാദ്, ഒസ്മാനാബാദ് സ്ഥലപ്പേരുകള്‍ മാറ്റി ഉദ്ദവ് താക്കറെ

  • 29/06/2022

മുംബൈ: രാഷ്ട്രീയ വിവാദങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ തുടരവെ നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകള്‍ മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രണ്ട് ജില്ലകളുടേയും രണ്ട് വിമാനത്തവാളങ്ങളുടേയും പേരുകള്‍ മാറ്റാനുള്ള നിര്‍ദേശം അംഗീകരിച്ചത്. 

ഔറംഗബാദ് നഗരത്തിന്റെ പേര് സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മന്ത്രിസഭായോഗം പുനര്‍നാമകരണം ചെയ്തു. മഹാഅഖാഡി സഖ്യത്തില്‍ ചേര്‍ന്നതോടെ ശിവസേനയുടെ തീവ്രഹിന്ദുത്വം നഷ്ടപ്പെട്ടെന്ന് വിമതര്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് നിര്‍ണായക മന്ത്രിസഭായോഗത്തില്‍ സ്ഥലപ്പേരുകള്‍ മുഖ്യഅജന്‍ഡയാക്കി താക്കറെ കൊണ്ടുവന്നത്.മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. 17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് ഈ പ്രദേശത്തിന്റെ ഗവര്‍ണറായിരിക്കെയാണ് ഔറംഗബാദിന് ആ പേര് ലഭിച്ചത്. ഔറംഗസേബ് വധിക്കാന്‍ ഉത്തരവിട്ട സാംഭാജിയുടെ പേരു മാറ്റണമെന്നത് ഏറെക്കാലമായുള്ള ശിവസേനയുടെ ആവശ്യമായിരുന്നു.

ഹൈദരാബാദിലെ അവസാന ഭരണാധികാരി മിര്‍ ഉസ്മാന്‍ അലി ഖാന്റെ പേരിലുള്ള ഒസ്മാനാബാദ്, നഗരത്തിനടുത്തുള്ള ആറാം നൂറ്റാണ്ടിലെ ഗുഹകളില്‍ നിന്നാണ് ധാരാശിവ് എന്ന പുതിയ പേര് ജില്ലയ്ക്ക് വേണ്ടി സ്വീകരിച്ചത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡിബി പാട്ടീലിന്റെ പേരിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാനത്താവളത്തിന് ബാലസാഹേബ് താക്കറെയുടെ പേരിടണമെന്ന അഭിപ്രായം ശിവസേനയില്‍ ഉണ്ടായിരുന്നുവെങ്കിലും നവിമുംബൈ നഗരത്തിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഡിബി പാട്ടീലിന്റെ പേരിടാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.പൂണെ നഗരത്തിന് ഛത്രപതി ശിവജിയുടെ മാതാവിന്റെ സ്മരണാര്‍ത്ഥം ജിജാവു നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും നവിമുംബൈ വിമാനത്താവളത്തിന് മുന്‍മുഖ്യമന്ത്രി ആന്തുലെയുടെ പേരിടണമെന്നും കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്‌തെങ്കിലും മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായില്ല. സ്ഥലപ്പേര് മാറ്റുന്നതിലൂടെ തീവ്രഹിന്ദു നിലപാടുകളിലും മണ്ണിന്റെ മക്കള്‍ വാദത്തിലും താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് ഉദ്ധവ് ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍

Related News