ഗോവ കോണ്‍ഗ്രസിലും പ്രതിസന്ധി; ഏഴ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് സംശയം

  • 10/07/2022

പനാജി: നിയമസഭാ സമ്മേളനം നടക്കാനിരിക്കേ ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ആശങ്ക. എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ മൈക്കള്‍ ലോബോ നിഷേധിച്ചെങ്കിലും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തിന് തലേ ദിവസം ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 

ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ സംഭവവികാസങ്ങള്‍. ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് കാണിക്കാനായി ബിജെപി നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെല്ലാം എന്ന് ഗോവ പിസിസി അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞു.ഈ വര്‍ഷം ആദ്യം നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ദിംഗബര്‍ കാമത്ത് അടക്കമുള്ളവര്‍ എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് വിവരം. മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ കാമത്ത് മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ അതൃപ്തിയുണ്ട് എന്നത് അഭ്യൂഹങ്ങള്‍ക്ക് ശക്തിയേക്കി.തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മാറിയ ലോബോയും തന്റെ മുന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കര്‍ രമേഷ് തവാദ്കര്‍ ഞായറാഴ്ച റദ്ദാക്കി.ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍.ഡി.എ) 25ഉം പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11ഉം നിയമസഭാംഗങ്ങളാണുള്ളത്. നേരത്തെ 2019-ലും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചാടിയിരുന്നു.

Related News