ലഖ്നൗ ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം: വൻ സുരക്ഷാ സന്നാഹം

  • 16/07/2022



ലഖ്നൗ: ഒരാഴ്ച മുമ്പ് ലഖ്നൗവിൽ തുടങ്ങിയ ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാ​ദമുണ്ടായത്. ശനിയാഴ്ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തെ തുടർന്ന് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

കാവി പതാകകൾ ഉയർത്തി, മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ എത്തിയത്. മാളിന്റെ പുറത്ത് കനത്ത പൊലീസ് വിന്യാസവും ബാരിക്കേഡുകളും പ്രതിഷേധക്കാരെ നേരിടാൻ സജ്ജമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലുലു മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദർ കാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ഷൻ 144 ലംഘിച്ചതിന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാളിനുള്ളിൽ ചിലർ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച മാളിന് സമീപം ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ വലതുപക്ഷ സംഘടന പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും സമ്മതിച്ചില്ല. 

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലുലു മാൾ പ്രതിനിധികളുടെ പരാതിയിൽ കേസെടുത്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചതിനും നിരവധി അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാളിൽ മതപരമായ പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന് മാൾ അധികൃതർ നോട്ടീസ് പതിച്ചു. 

Related News