ആരും നിയമം കയ്യിലെടുക്കരുതെന്ന് സ്റ്റാലിന്‍; കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 17/07/2022

ചെന്നൈ: വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു സംഘര്‍ഷം തുടരുന്ന തമിഴ്‌നാട് കളളക്കുറിച്ചിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന പ്രതിഷേധക്കാരെ ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട് പൊലീസ് മേധാവി സി. ശൈലേന്ദ്ര ബാബു കള്ളക്കുറിച്ചിയിലേക്ക് തിരിച്ചു.

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സേലത്തിനു സമീപമുള്ള കള്ളക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷമുണ്ടായത്. സ്വകാര്യ ബോര്‍ഡിങ് സ്‌കൂള്‍ ആക്രമിച്ചു തീയിട്ടു. 30 ബസുകളടക്കം 50 ല്‍ അധികം വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കു വെടിവച്ചു.പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നും ആരും നിയമം കയ്യിലെടുക്കരുതെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. അന്വേഷണത്തിനു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തെ ശക്തി മെട്രികുലേഷന്‍ ബോര്‍ഡിങ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ചൊവ്വാഴ്ചയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയ വിദ്യാര്‍ഥിനിയെ രാവിലെയാണു സുരക്ഷാ ജീവനക്കാര്‍ കണ്ടത്. ചികില്‍സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു. പഠിക്കാന്‍ ആവശ്യപ്പെട്ടു രണ്ട് അധ്യാപകര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. അധ്യാപകരുടെ പ്രേരണയില്‍ ഒരുസംഘം വിദ്യാര്‍ഥികളും ദിവസം മുഴുവന്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതു താങ്ങാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആരോപണ വിധേയരായ അധ്യാപകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു ബുധനാഴ്ച വൈകീട്ടോടെ വിദ്യാര്‍ഥി സംഘടനകളും പെണ്‍കുട്ടിയുടെ ബന്ധുക്കളും സ്‌കൂളിനു മുന്നില്‍ സമരം തുടങ്ങി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റെടുക്കാനും തയാറായിരുന്നില്ല. തുടര്‍ന്നു രണ്ടു അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ ഇന്നലെ രാത്രി ഇവരെ വിട്ടയച്ചു. ഇതാണു വന്‍സംഘര്‍ഷത്തിന് ഇടയാക്കിയത്. 

രാവിലെ ചെന്നൈ-സേലം ദേശീയപാത ഉപരോധിച്ച ജനക്കൂട്ടം സ്‌കൂള്‍ ആക്രമിച്ചു. ട്രാക്ടറുകളുമായെത്തി ബസുകള്‍ ഇടിച്ചു തകര്‍ത്ത ശേഷം തീയിട്ടു30 ബസുകള്‍ അടക്കം അന്‍പതു വാഹനങ്ങളും, സ്‌കൂള്‍ കെട്ടിടവും ജനം അഗ്‌നിക്കിരയാക്കി. എടുത്തുകൊണ്ടുപോകാന്‍ പറ്റുന്ന ബെഞ്ചും ഡസ്‌ക്, പാത്രങ്ങളടക്കമുള്ള സാധനങ്ങള്‍ സംഘര്‍ഷത്തിന്റെ മറവില്‍ കടത്തിക്കൊണ്ടുപോയി. പൊലീസ് ആകാശത്തേക്കു വെടിവച്ചതോടെയാണു സംഘര്‍ഷത്തിന് അയവുണ്ടായത്. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. മുഴുവന്‍ പേരെയും ഉടന്‍ പിടികൂടാനും പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിനും ഡി.ജി.പി നിര്‍ദേശം നല്‍കി. പ്രദേശത്തു വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Related News