പൊതുസ്ഥലത്ത് നമസ്‌കരിച്ചു; ഹരിദ്വാറില്‍ എട്ടുപേര്‍ അറസ്റ്റില്‍

  • 23/07/2022

ഹരിദ്വാർ: പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ട് വഴിയോരക്കച്ചവടക്കാരെ ഹരിദ്വാർ പോലീസ് അറസ്റ്റ് ചെയ്തു. റാണിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രാദേശിക മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരാണ് അറസ്റ്റിലായത്. ഇവർ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നുവെന്ന് കാണിച്ച് ചിലർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. 

ശിവാലിക് നഗറിലെ ചന്തയിൽ നമസ്‌കരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവർ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയെന്നാണ് പോലീസ് പറയുന്നത്. വിൽപ്പനക്കാരെ തിരിച്ചറിയാനായി വീഡിയോകളും ചിത്രങ്ങളും പരാതിക്കാർ പോലീസിന് നൽകിയിരുന്നു. സമാധാനം തകർത്തതിന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. 
 
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റെന്നും സാമുദായികമായി പ്രശ്നബാധിത പ്രദേശത്ത് സംഘർഷമില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ മുസ്‌ലീങ്ങളെ നമസ്‌കരിക്കുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി മംഗലൗർ മണ്ഡലം ഭാരവാഹി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പറഞ്ഞു.  

Related News