പാകിസ്താനിൽ പോളിയോ വാക്സിനേഷന്‍ സംഘത്തിന് കാവല്‍ നിന്ന രണ്ട് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തി

  • 17/08/2022




പാകിസ്ഥാന്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ടാങ്ക് ജില്ലയിലെ കോട് അസമില്‍ പോളിയോ വാക്സിനേഷന്‍ സംഘത്തിന് കാവല്‍ നിന്ന രണ്ട് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തി. എന്നാല്‍, രണ്ട് പേരടങ്ങുന്ന വാക്സിനേറ്റര്‍മാര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. പാകിസ്ഥാനില്‍ നേരത്തെയും പ്രാദേശിക പോളിയോ വാക്സിനേഷന്‍ ടീമുകളെ പലപ്പോഴും വാക്സിന്‍ വിരുദ്ധ പോരാളികള്‍ ലക്ഷ്യമിടാറുണ്ട്. മുസ്ലിങ്ങളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് വാക്സിനേഷന്‍ എന്നാണ് ഇവരുടെ ആരോപണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ട് രാജ്യങ്ങളാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഉള്‍പ്രദേശങ്ങളില്‍ വാക്സിനേഷന്‍ സംഘമെത്തിയപ്പോള്‍ ചെറിയൊരു ജനലിന് പിന്നില്‍ മറഞ്ഞിരുന്ന രണ്ട് തോക്കുധാരികള്‍ പൊലീസുകാരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ലോക്കൽ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തോക്കുധാരികള്‍ രണ്ടംഗ പോളിയോ വാക്സിനേഷൻ ടീമിനെ ഒഴിവാക്കി. അവര്‍ മോട്ടോർ ബൈക്കിൽ രക്ഷപ്പെട്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വഖാർ അഹമ്മദ് ഖാൻ എഎഫ്‌പിയോട് പറഞ്ഞു.

വാക്‌സിനുകളിൽ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്ന വാക്‌സിൻ വിരുദ്ധ സംഘങ്ങള്‍ ഇതിന് മുമ്പും പാക്കിസ്ഥാനിൽ നിരവധി പോളിയോ ജോലിക്കാരെയും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നിയുക്തരായ പൊലീസുകാരെയും കൊലപ്പെടുത്തിയിട്ടുണ്ട്. 2011 ല്‍ അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിന്‍ ലാദനെ വധിക്കുന്നതിന് മുമ്പ് സിഐഎ പാകിസ്ഥാനില്‍ വ്യാജ വാക്സിനേഷൻ പദ്ധതി നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യമെങ്ങും വാക്സിന്‍ വുരുദ്ധത വര്‍ദ്ധിച്ചു. 

Related News