രണ്ട് മാസത്തിനുള്ളിൽ 600 മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ലൈസൻസുകൾ നൽകിയതായി കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്

  • 21/08/2022

കുവൈത്ത് സിറ്റി : രാജ്യത്തെ ഫുഡ്‌  ഡെലിവറി കമ്പനികള്‍ക്കായി കഴിഞ്ഞ രണ്ട്  മാസത്തിനുള്ളിലായി  600 മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ലൈസൻസുകൾ നൽകിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് താപനില കുറഞ്ഞ് വരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ബൈക്ക് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഹവല്ലി ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് എജ്യുക്കേഷൻ ആൻഡ് ടെസ്റ്റിംഗ് ഡിപ്പാർട്ട്‌മെന്റ്  ഡയറക്ടർ കേണൽ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ നവാഫ് പറഞ്ഞു. രാവിലെ 8 മുതൽ 12 വരെയും ഉച്ചക്ക്  12:30 മുതൽ 4:00 വരെയും രണ്ട് ഷിഫ്റ്റുകളിലായി എല്ലാ ആഴ്‌ചയിലും തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ബൈക്കുകള്‍ക്കുള്ള ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്നത്.

ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച്  ഉഷ്‍ണകാലത്ത് ചൂടു കൂടിയ സാഹചര്യത്തില്‍ നേരത്തെ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ ബൈക്ക് ലൈസൻസുകൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിര്‍ദ്ദേശ പ്രകാരം  18 വയസ്സ് കഴിഞ്ഞവര്‍ക്ക്   ബൈക്ക് ലൈസന്‍സിന് അപേക്ഷിക്കാം.  വിദ്യാഭ്യാസ യോഗ്യത  സർട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമില്ലെന്നും എന്നാല്‍ നേത്ര പരിശോധന റിപ്പോര്‍ട്ട് അപേക്ഷയോടപ്പം സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

Related News