പ്രണയാർഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി, പ്രതിഷേധം

  • 30/08/2022

റാഞ്ചി: ജാർഖണ്ഡിൽ പ്രണയാർഭ്യർഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ പ്രതി ഷാരൂഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പത്തൊൻപതുകാരി ചികിത്സയിൽ ഇരിക്കെയാണു മരിച്ചത്.വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

ജാർഖണ്ഡിലെ ധുംകയിലാണ് ദാരുണമായ സംഭവം. അങ്കിത എന്ന പ്ലസ്ടു വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടിൽ ഉറങ്ങി കിടന്ന അങ്കിതയുടെ ദേഹത്തേക്ക് ഷാരൂഖ് ജനലിലൂടെ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് ഷാരൂഖ്. ഇയാള്‍ പല തവണ പ്രണയാഭ്യർത്ഥനയുമായി അങ്കിതയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തന്നോട് സംസാരിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഷാരൂഖ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അങ്കിത മരിക്കും മുമ്പ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. 

പൊള്ളലേറ്റ അങ്കിത മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി. തീകെടുത്തിയ ശേഷം മാതാപിതാക്കളാണ് അങ്കിതയെ ഉടനെ ആശുപത്രിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതി ഒരാഴ്ച്ചയോളം ചികിത്സയിൽ കഴിഞ്ഞ ശേഷം ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 
 

 

Related News