അമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 31/08/2022

വിശാഖപട്ടണം: വിശാഖപട്ടണത്ത് അമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ 23-കാരനായ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വിശാഖപട്ടണം അല്ലിപുരം സ്വദേശി ജി. ശ്രീനു(45)വിനെയാണ് പ്രസാദ് എന്ന യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രസാദ്, അമ്മ ഗൗരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. പ്രസാദിന്റെ അമ്മ ഗൗരിയെ ശ്രീനു ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായത്. വീട്ടുജോലിക്കാരിയായ ഗൗരി ഞായറാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പെയിന്റിങ് തൊഴിലാളിയായ ശ്രീനു മദ്യലഹരിയില്‍ ഗൗരിയുടെ കൈകളില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഗൗരിയും ശ്രീനുവും തമ്മില്‍ റോഡില്‍വെച്ച് വഴക്കുണ്ടായി.  

നാട്ടുകാര്‍ അനുനയിപ്പിച്ച് വിട്ടെങ്കിലും വീട്ടിലെത്തിയ ഗൗരി മകനോട് വിവരം പറഞ്ഞു. തുടര്‍ന്ന് പ്രസാദ് അമ്മയെയും കൂട്ടി കവലയില്‍ എത്തി ശ്രീനുവിനെ ആക്രമിക്കുകയുമായിരുന്നു. യുവാവ് മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ പ്രസാദും അമ്മയും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സമീപത്തെ കടയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍നിന്ന് കൊലപാതകത്തിന്റെ ദൃശ്യങ്ങളും സംഭവത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും  പോലീസിന് ലഭിച്ചു.

Related News