പശ്ചിമഘട്ട സംരക്ഷണത്തില്‍ അന്തിമ വിജ്ഞാപനം ആറുമാസത്തിനകമെന്ന് കേന്ദ്രം

  • 07/09/2022

ദില്ലി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കി. വിധി നടപ്പാക്കിയാല്‍ ജനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് ഹര്‍ജിയില്‍ വനംപരിസ്ഥിതി മന്ത്രാലയം പറയുന്നു. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം പുറത്തിറക്കാനാകുമെന്നും വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

ബഫര്‍സോണ്‍ വിധിയിലെ 44എ, 44ഇ ഖണ്ഡികകളില്‍ വ്യക്തതവേണമെന്ന് വനം പരിസ്ഥിതിമന്ത്രാലയത്തിന്റെ പുനപരിശോധന ഹര്‍ജിയില്‍ പറയുന്നു. ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ മുന്‍കാല പ്രാബല്യമുണ്ടോയെന്ന് വ്യക്തതവേണം. വിധി അതേപടി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കേരളത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശ്, ലഡാക്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്ന് വനം പരിസ്ഥിതിമന്ത്രാല വൃത്തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിധി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയുണ്ടെന്ന തെറ്റിദ്ധാരണ കേരളത്തിലുണ്ട്. ജനങ്ങളെ കൂടി പരിഗണിച്ചുള്ള പരിസ്ഥിതി സംരക്ഷണമാണ് നയമെന്നും വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരടിന്മേല്‍ കേരളത്തിലും കര്‍ണാടകയിലുമാണ് പരാതികള്‍ അവശേഷിക്കുന്നത്. ക്രൈസ്തവ സംഘടനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗോവയിലെയും മഹാരാഷ്ട്രയിലെയും പരാതികള്‍ പരിഹരിച്ചു. പരാതികള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധസംഘം ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സംഘം വിവിധ ഇടങ്ങളില്‍ സന്ദര്‍ശം നടത്തിവരികയാണ്. ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related News