പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് അക്രമാസക്തം; പോലീസ് ജീപ്പ് കത്തിച്ചു

  • 13/09/2022

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഴിമതി ആരോപണം ഉന്നയിച്ച് മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ബിജെപിയുടെ പ്രതിഷേധം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാദകവും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ കാര്‍ അഗ്‌നിക്കിരയാക്കി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി, രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപമാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാര്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലുമെത്തിയതോടെയാണ് പോലീസ് കണ്ണീര്‍ വാദകം ഉള്‍പ്പെടെ ഉപയോഗിച്ചത്. റാണിഗഞ്ചില്‍ ബിജെപി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. ബംഗാളിനെ ഉത്തരകൊറിയയാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവര്‍ പോലീസിനെ ഉപയോഗിച്ച് ഏകാധിപതിയായി പെരുമാറുകയാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ മറ്റൊരു മാര്‍ച്ചും പാര്‍ട്ടി സംഘടിപ്പിച്ചു. 

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ എത്തിക്കുന്നതിനായി ഏഴ് ട്രെയിനുകളാണ് ബിജെപി ഒരുക്കിയത്. കൊല്‍ക്കത്ത നഗരത്തിലേക്ക് ബിജെപി പ്രവര്‍ത്തകരുമായി എത്തിയ ബസുകള്‍ പോലീസ് തടഞ്ഞിരുന്നു.നഗരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ നിന്നാണ് സെക്രട്ടേറിയറ്റ് ലക്ഷ്യമാക്കി ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

Related News