കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം വർദ്ധിക്കുന്നു; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

  • 23/09/2022

കുട്ടികൾ സോഷ്യൽമീഡിയ വഴി തെറ്റാൻ നിരവധി വഴികളുണ്ടെന്ന് ടെക് വിദഗ്ധർ. പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ വേണ്ടത്ര നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി മുഴുവൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾക്ക് വേണ്ടത്ര ഉറങ്ങാൻ സമയം ലഭിക്കുന്നില്ലെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്ത പഠനം വെളിപ്പെടുത്തുന്നു. സമയമോ, സാഹചര്യങ്ങളോ നോക്കാതെ അജ്ഞാതരുമായി ഓൺലൈൻ വഴി ചാറ്റിങ്, വിഡിയോ കോൾ, മറ്റു ഇടപാടുകൾ നടത്തുന്നവരിൽ വലിയൊരു വിഭാഗം പ്രായപൂർത്തിയാകാത്ത കുട്ടികൾ തന്നെയാണ്. 

ഡേറ്റിങും, സെക്സ്റ്റിങ്ങുമെല്ലാം കുട്ടികൾക്കിടയിൽ വൻ ഭീഷണിയായിട്ടുണ്ട്. 10 മുതൽ 11 വയസ് വരെയുള്ള കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും സോഷ്യൽ മീഡിയകളിൽ സ്വന്തമായി അക്കൗണ്ടുണ്ട്, പതിവായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഇവരിൽ 89 ശതമാനം പേർക്കും സ്വന്തമായി സ്മാർട് ഫോൺ ഉണ്ടായിരുന്നു. 55.4 ശതമാനം പേർ ടാബ്ലെറ്റ് ഉപയോഗിക്കുന്നതായും 23.2 ശതമാനം പേർ കംപ്യൂട്ടർ ഉപയോഗിക്കുന്നതായും ഒൻപത് ശതമാനം പേർ സ്മാർട് വാച്ച് ഉപയോഗിച്ചതായും പറഞ്ഞു. കൗമാരപ്രായത്തിൽ എത്താത്ത കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ മിക്കവരും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്നാപ്ചാറ്റ് ആപ്പുകൾ ഉപയോഗിക്കുന്നു. എട്ട് കുട്ടികളിൽ ഒരാൾ രാത്രി ഉറങ്ങേണ്ട സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

69 ശതമാനം കുട്ടികളും ദിവസവും നാല് മണിക്കൂറിലധികം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. 66.1 ശതമാനം പേർ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ 12.5 ശതമാനം പേർ അർദ്ധരാത്രിയിൽ ഉറങ്ങേണ്ട സമയത്ത് ഫോൺ ഉപയോഗിക്കുമെന്ന് പറഞ്ഞു. 89 ശതമാനം കുട്ടികളും ഉപയോഗിച്ചിരുന്നത് ടിക് ടോക്കായിരുന്നു. 83.9 ശതമാനം പേർ സ്‌നാപ്ചാറ്റും 87.5 ശതമാനം പേർ യൂട്യൂബും 57 ശതമാനം കുട്ടികൾ ഇൻസ്റ്റാഗ്രാമിലും 17 ശതമാനം പേർ ഓൺലൈൻ ഫോറമായ റെഡ്ഡിറ്റും ഉപയോഗിക്കുന്നു. കുട്ടികളിൽ രണ്ട് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ അഡിക്ഷൻ കാരണം സ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരു രാത്രി മുഴുവൻ ഉറക്കം നഷ്ടപ്പെടുന്നുണ്ട്.

മാതാപിതാക്കൾക്കു പകരം മക്കളെ നോക്കാനിരുത്തുന്നയാളുടെ റോൾ ഇന്റർനെറ്റിനു നൽകുന്ന രീതി ഇന്ന് വ്യാപകമാകുകയാണ്. സാങ്കേതികവിദ്യയെക്കുറിച്ച് കാര്യമായ അവബോധമില്ലാത്ത മാതാപിതാക്കളാണ് ഇതു ചെയ്യുന്നത്. ഇത്തരം രീതികൾ ഇല്ലാതാക്കണമെന്നാണ് മിക്ക വിദഗ്ധരും പറയുന്നത്.

Related News