ഗുജറാത്തിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച എംഎൽഎ ബിജെപി പാളയത്തിൽ, തിരിച്ചടി

  • 09/11/2022

അഹമ്മദാബാദ്: ഗുജറാത്തിൽ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ തിരിച്ചടികളേറ്റ് കോൺഗ്രസ്. പത്തുതവണ എംഎൽഎയായ ?നേതാവ് മോഹൻസിൻഹ് രത്‌വ പാർട്ടി വിട്ടതിന് പിന്നാലെ മറ്റൊരു എംഎൽഎയായ  ഭാഗഭായ് ബരാഡും ഇന്ന് രാജിവച്ചു. സംസ്ഥാനത്ത് തിരിച്ചുവരവ് ആഗ്രഹിക്കുന്ന പാർട്ടിക്ക് തിരിച്ചടിയായി സിറ്റിംഗ് എംഎൽഎമാരുടെ രാജി തുടരുകയാണ്. ജുനാഗഥ് ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവും എംഎൽഎയുമാണ് ഭാഗഭായ് ബരാഡ്.

സൗരാഷ്ട്രയിലെ തലാല മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബരാഡ് ബിജെപിയിൽ ചേർന്നു കഴിഞ്ഞു. സൗരാഷ്ട്ര മേഖലയിൽ സ്വാധീനമുള്ള അഹിർ സമുദായത്തിൽ നിന്നുള്ള നേതാവാണ് ബരാഡ്. ബിജെപി സ്ഥാനാർത്ഥിയായി തലാലയിൽ നിന്ന് ബരാഡ് ഇത്തവണ ജനവിധി തേടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മത്സരത്തിനിറങ്ങും മുൻപ് തന്നെ പാളയത്തിലെ പട നേരിടേണ്ടി വരുന്നത് ഗുജറാത്തിൽ കോൺഗ്രസിന് തീരാ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

ഇന്നലെ ഛോട്ടാ ഉദേപൂരിൽ നിന്ന് 10 തവണ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മോഹൻ  സിംഗ് രത്‌വയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസും ബിജെപിയും ഇറക്കുമതി കയറ്റുമതി കമ്പനികൾ പോലെയെന്ന് ആംആദ്മി പാർട്ടി പരിഹസിച്ചു. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പോലും ഇതുവരെ പുറത്ത് വിടാത്ത ബിജെപി ചർച്ചകൾ അവസാനഘട്ടത്തിലെന്നാണ് പറയുന്നത്. ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഉടൻ പുറത്ത് വരുമെന്നാണ് വിവരം.

Related News