സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകന്‍റെ ഭീഷണി; നാലു കുട്ടികളുടെ അമ്മയായ സ്ത്രീ ആത്മഹത്യ ചെയ്തു

  • 09/11/2022

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ഭീഷണിപ്പെടുത്തി മുൻ കാമുകൻ തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെയാണ് ബെംഗളൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായ ചാമുണ്ഡേശ്വരി എന്ന മുപ്പത്തഞ്ചുകാരി ആത്മഹത്യ ചെയ്തത്. നാലു കുട്ടികളുടെ അമ്മയാണ് ഇവര്‍.

മുൻ കാമുകനായ നെല്ലൂർ സ്വദേശി മല്ലികാർജുന്റെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ. മല്ലികാർജുനെതിരെ ചാമുണ്ഡേശ്വരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. കോരമംഗലയിലെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്തിരുന്ന ചാമുണ്ഡേശ്വരി ഏതാനും മാസങ്ങൾക്കു മുൻപാണ് ആന്ധ്രയിലെ നെല്ലൂരിൽ നിന്നുള്ള മല്ലികാർജുനെ പരിചയപ്പെടുന്നത്. 

പിന്നീട് ഇവര്‍ പ്രണയത്തിലായി. ഇതിനിടെ ഇരുവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ മല്ലികാർജുൻ അത് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ചാമുണ്ഡേശ്വരിയിൽനിന്ന് പണം വാങ്ങാന്‍ തുടങ്ങി. ചെറിയ തുകകൾ ചാമുണ്ഡേശ്വരി നൽകിയെങ്കിലും പിന്നീട് 2 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി

പണം നല്‍കാന്‍ യുവതി വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിനു മുൻപ് മല്ലികാർജുന് വാട്സാപ്പിൽ വിഡിയോയും അയച്ച ശേഷമാണ് ചാമുണ്ഡേശ്വരി ജീവനൊടുക്കിയത്. ഒളിവില്‍ പോയ മല്ലികാർജുനായി പോലീസ് തിരച്ചിൽ തുടങ്ങി.  

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News