കൊളീജിയം രാജ്യത്തിന്റെ നിയമം, അതിരുവിട്ട വിമർശനങ്ങൾ വേണ്ടെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ താക്കീത്

  • 08/12/2022

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിച്ചതിനെതിരേ കേന്ദ്രസര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി സുപ്രിംകോടതി. കൊളീജിയം സംവിധാനം ഈ രാജ്യത്തിന്റെ നിയമമാണ്. അത് അംഗീകരിച്ചേ മതിയാവൂ. കൊളീജിയത്തിനെതിരേ പരസ്യമായി നടത്തുന്ന വിമര്‍ശനങ്ങളെ അത്ര നല്ലനിലയ്ക്കല്ല എടുക്കുന്നത്.


അതിരുവിട്ട വിമര്‍ശനങ്ങള്‍ വേണ്ടെന്ന് സര്‍ക്കാരിന് ഉപദേശം നല്‍കണമെന്നും അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ തന്റെ കന്നി പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രിംകോടതി ഇക്കാര്യത്തിലുള്ള അതൃപ്തി ശക്തമായി പ്രകടിപ്പിച്ചത്.

സമൂഹത്തിലെ ഒരുവിഭാഗം കൊളീജിയത്തിനെതിരേ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരുതി രാജ്യത്തിന്റെ നിയമസംവിധാനത്തെ ഇല്ലാതാക്കാനാവില്ല. സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ കൊളീജിയം സംവിധാനത്തിനെതിരേ നല്ല രീതിയിലല്ല പരാമര്‍ശം നടത്തുന്നത്. നിങ്ങള്‍ അവരെ ഉപദേശിക്കേണ്ടതുണ്ട് സുപ്രിംകോടതി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് പറഞ്ഞു. സുപ്രിംകോടതി പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. നിയമനിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിനാണ്. എന്നാല്‍, അതിനെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അധികാരം സുപ്രിംകോടതിക്കുണ്ട്.

കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ ജനങ്ങള്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യും. സമൂഹത്തിലെ ഓരോ വിഭാഗവും ഏത് നിയമമാണ് പാലിക്കേണ്ടതെന്ന് സ്ഥാപിക്കാന്‍ തുടങ്ങിയാല്‍ അത് തകര്‍ച്ചയിലേക്ക് നയിക്കും. സര്‍ക്കാരിന് എപ്പോള്‍ വേണമെങ്കില്‍ നിയമങ്ങള്‍ കൊണ്ടുവരാം. എന്നാല്‍, അത് ജുഡീഷ്യറിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരിക്കും- ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.

Related News