ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് എതിര്‍ക്കാത്തതില്‍ വിമര്‍ശനവുമായി ലീഗ് എംപി

  • 09/12/2022

ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കാത്തതില്‍ വിമര്‍ശനവുമായി ലീഗ് എംപി. ബില്ലിനെ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് അംഗം പോലും ഇല്ലാത്തത് വിഷമിപ്പിക്കുന്നുവെന്ന് ലീഗ് എംപി അബ്ദുല്‍ വഹാബ് പറഞ്ഞു. ലീഗ്, സിപിഐഎം അംഗങ്ങളാണ് ഏക സിവില്‍ കോഡ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത്.


ഏകീകൃത സിവില്‍ കോഡ് സ്വകാര്യ ബില്ലായി സഭയിലെത്തിയപ്പോള്‍ എതിര്‍ക്കാന്‍ ഒരു കോണ്‍ഗ്രസ് എംപിയെപ്പോലും കണ്ടില്ലെന്ന കടുത്ത വിമര്‍ശനമാണ്‌എ പി അബ്ദുള്‍ വഹാബ് എംപി ഉന്നയിച്ചത്. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി അംഗമായ കിരോഡിലാല്‍ മീന അനുമതി തേടിയപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ രാജ്യസഭാംഗങ്ങളായി ഉണ്ടെന്നിരിക്കെ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ആരും സഭയിലില്ലാതിരുന്നതാണ് ലീഗ് എംപിയെ ചൊടിപ്പിച്ചത്.

ബില്ലിനെ എതിര്‍ത്ത് അബ്ദുള്‍ വഹാബ് എംപി സംസാരിച്ചിരുന്നു. ബില്ല് അവതരണത്തെ എതിര്‍ക്കുന്നതിനിടെയാണ് ഒരു കോണ്‍ഗ്രസ് എംപി പോലും സഭയിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതും ശക്തമായി വിമര്‍ശിച്ചതും. ഇത് ദൗര്‍ഭാഗ്യകരമാണെന്നും വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related News