ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചു; 16 ഇന്ത്യൻ ഫാർമ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി നേപ്പാൾ

  • 20/12/2022

ലോകാരോഗ്യസംഘടനയുടെ മരുന്ന് ഉത്പാദന മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യൻ ഫാർമ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി നേപ്പാൾ. ഡിസംബർ 18ന് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് നേപ്പാൾ ഭരണകൂടം ഈ വിവരം അറിയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാബാ രാംദേവിന്റെ പതഞ്ജലി ഉൾപ്പെടെയുള്ള കമ്പനികളെയാണ് നേപ്പാൾ പുതിയതായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഈ ഫാർമ കമ്പനികളുടെ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന നേപ്പാളിലെ പ്രാദേശിക ഏജന്റുമാരോട് ഉടനടി ഓർഡറുകൾ തിരിച്ചുവിളിക്കാൻ നേപ്പാൾ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി മേലിൽ ഈ കമ്പനികൾ ഉത്പാദിപ്പിക്കുന്ന മരുന്നുകൾ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ അനുവദിക്കില്ലെന്നും ഉത്തരവിലൂടെ നേപ്പാൾ ഭരണകൂടം വ്യക്തമാക്കി.

യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദിവ്യ ഫാർമസിക്ക് പുറമെ, റേഡിയന്റ് പാരന്ററൽസ് ലിമിറ്റഡ്, മെർക്കുറി ലബോറട്ടറീസ് ലിമിറ്റഡ്, അലയൻസ് ബയോടെക്, ക്യാപ്ടാബ് ബയോടെക്, അഗ്ലോമെഡ് ലിമിറ്റഡ്, സീ ലബോറട്ടറീസ്, ഡാഫോഡിൽസ് ഫാർമസ്യൂട്ടിക്കൽസ്, കൺസെപ്റ്റ് ഫാർമസ്യൂട്ടിക്കൾസ്, ശ്രീ ആനന്ദ് ലൈഫ് സയൻസസ്, ഐപിസിഎ ലബോറട്ടറീസ്, കാഡില ഹെൽത്ത് കെയർ ലിമിറ്റഡ്, ഡയൽ ഫാർമസ്യൂട്ടിക്കൽസ്, മാക്കൂർ ലബോറട്ടറീസ് എന്നീ കമ്പനികളേയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related News