സെന്‍ട്രല്‍ പാരീസിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

  • 24/12/2022



പാരീസ്: സെന്‍ട്രല്‍ പാരീസിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പാരീസിലെ കുർദിഷ് സാംസ്കാരിക കേന്ദ്രം ലക്ഷ്യമിട്ടുള്ള വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വംശീയ ആക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പ് നടത്തിയ 69 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പിന് പിന്നാലെ ഫ്രാന്‍സ് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വേദിയായിട്ടുള്ളത്. വെടിവയ്പില്‍ പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജയില്‍ മോചിതനാണ് വെടിവയ്പ് നടത്തിയ 69 കാരനെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആക്രമണത്തിന് പിന്നാലെ സാംസ്കാരിക കേന്ദ്രത്തിന് സമീപം തടിച്ചകൂടിയവരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആളുകള്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ക്കുന്നതിന്‌‍റേയും പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായിട്ടുള്ള ആളുകള്‍ പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ വെളുത്ത് ഉയരം കൂടിയ പ്രായമുള്ള വ്യക്തിയാണ് വെടിയുതിര്‍ത്തത്. വെടിവയ്പിന് കാരണമെന്താണെന്ന സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. എന്നാല്‍ വംശീയ ആക്രമണം ആകാമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. 

ഇതിന് മുന്‍പ് വംശീയ ആക്രമണത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുളളതായാണ് വിവരം. 2021 ഡിസംബര്‍ 8ന് പാരീസിലെ അഭയാര്‍ത്ഥി ക്യാംപിലെ മൂന്ന് ടെന്‍റുകള്‍ക്ക് നേരെ വാള്‍ വീശി നടന്ന അക്രമത്തിലെ പ്രതിയാണ് പാരീസ് സെന്ട്രലിലെ ആക്രമണത്തിന് പിന്നിലുമുള്ളതെന്നാണ് ബിബിസി റിപ്പോര്‍ട്ട്. എന്നാല്‍ എന്ത് പശ്ചാത്തലത്തിലാണ് ഇയാളെ ജയിലില്‍ നിന്ന് വിട്ടതെന്ന് വ്യക്തമല്ല. കുർദിഷ് കേന്ദ്രങ്ങളിൽ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. വംശീയ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ വ്യക്തമാക്കി.

Related News