20മത്തെ വയസിൽ ആരംഭിച്ച ബോഡി മോഡിഫിക്കേഷന്‍; ഭക്ഷണം കിട്ടാൻ പോലും ബുദ്ധിമുട്ടിലായി ആന്റണി എന്ന ചെറുപ്പക്കാരൻ

  • 26/01/2023

വിദേശരാജ്യങ്ങളില്‍ പലതരത്തിലുള്ള ശസ്ത്രക്രിയകളിലൂടെയും ശരീരത്തില്‍ കളര്‍ ചെയ്തും ടാറ്റൂ ചെയ്തുമൊക്കെ രൂപമാറ്റം വരുത്തുന്നത് ഇപ്പോള്‍ ഒരു സാധാരണ സംഭവമാണ്. ബോഡി മോഡിഫിക്കേഷന്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ സ്വന്തം ശരീരത്തില്‍ രൂപമാറ്റം വരുത്തുന്ന നിരവധി ആളുകളുണ്ട്. അത്തരത്തില്‍ അന്യഗ്രഹ ജീവിയുടെ രൂപത്തിലേക്ക് മാറിയ യുവാവ് ഇപ്പോള്‍ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലാണ്. കാരണം മറ്റൊന്നുമല്ല ഇയാളുടെ രൂപം കണ്ട് ആളുകള്‍ ഭയന്ന് ഓടുന്നതിനാല്‍ റസ്റ്റോറന്റുകളില്‍ ഒന്നിലും ഇയാളെ പ്രവേശിപ്പിക്കാന്‍ ആരും തയ്യാറാകുന്നില്ല.


ഫ്രാന്‍സില്‍ നിന്നുള്ള ആന്റണി ലോഫ്രെഡോ എന്ന ചെറുപ്പക്കാരനാണ് ഇത്തരത്തില്‍ ഒരു ഭീകരജീവിയുടെ രൂപത്തിലേക്ക് മാറിയത്. ബ്ലാക്ക് ഏലിയന്‍ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. ആളുകള്‍ പലതരത്തില്‍ മോഡി മോഡിഫിക്കേഷന്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രമാത്രം ഭയാനകമായ രീതിയില്‍ ആരും ഒരുപക്ഷേ ചെയ്തിട്ടുണ്ടാവില്ല. ആളുകള്‍ കണ്ടാല്‍ ഭയപ്പെടുന്ന ഒരു ഭീകരജീവിയുടെ രൂപം കൈവരാന്‍ ഇയാള്‍ തന്റെ ശരീരത്തില്‍ ചെയ്തു കൂട്ടിയ കാര്യങ്ങള്‍ കേട്ടാല്‍ അമ്ബരക്കും.

ശസ്ത്രക്രിയയിലൂടെ ഇരു ചെവികളും മുറിച്ചുമാറ്റി. കൈകളിലെ ചില വിരലുകള്‍ മാത്രം അവശേഷിപ്പിച്ച്‌ ബാക്കിയുള്ളവ മുറിച്ചുമാറ്റി. നാവ് രണ്ടായി പിളര്‍ന്നു. പല്ലുകളുടെ അഗ്രഭാഗം കൂര്‍പ്പിച്ച്‌ മൂര്‍ച്ചകൂട്ടി അവയ്ക്ക് പല വര്‍ണ്ണങ്ങള്‍ നല്‍കി. ശരീരം മുഴുവന്‍ കറുത്ത കളര്‍ ടാറ്റൂ ചെയ്തു. കീഴ് ചുണ്ട് തുളച്ചു. തല മുഴുവന്‍ കൊമ്ബുകള്‍ക്ക് സമാനമായ രീതിയില്‍ മുഴകള്‍ സൃഷ്ടിച്ചു. മൂക്കിന്റെ അഗ്രഭാഗം മുറിച്ച്‌ ദ്വാരങ്ങളുടെ വലിപ്പം കൂട്ടി. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആഴത്തില്‍ മാംസം മുറിച്ച്‌ നീക്കി അവിടെയെല്ലാം ഒരിക്കലും മാഞ്ഞു പോകാത്ത രീതിയിലുള്ള മുറിപ്പാടുകള്‍ സൃഷ്ടിച്ചു. ഇങ്ങനെ ഇയാള്‍ സ്വന്തം ശരീരത്തില്‍ ചെയ്തുകൂട്ടാത്ത കാര്യങ്ങളില്ല.

ഇരുപതാം വയസ്സു മുതല്‍ ശരീരത്തില്‍ ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷന്‍ രംഗത്തേക്ക് കടന്നുവന്ന ഇയാള്‍ക്ക് ഒരുനാള്‍ എല്ലാവരും തന്നെ കണ്ടാല്‍ ഭയന്ന് ഓടുന്ന വിധത്തില്‍ തന്റെ ശരീരത്തില്‍ രൂപമാറ്റം വരുത്തണമെന്ന് ആയിരുന്നു ആഗ്രഹം. അത് ഇപ്പോള്‍ സാധ്യമായി. പക്ഷേ, കൂട്ടത്തില്‍ ചെറിയൊരു പണി കൂടി കിട്ടിയ വിഷമത്തിലാണ് ഇയാള്‍. ആളുകള്‍ തന്നെ കണ്ടാല്‍ ഭയന്ന് ഓടുന്നതിനാല്‍ റസ്റ്റോറന്റുകളില്‍ ഒന്നിലും തന്നെ പ്രവേശിപ്പിക്കുന്നില്ല എന്നാണ് ഇയാളുടെ പരാതി. അതുകൊണ്ടുതന്നെ വിശന്നാല്‍ ഭക്ഷണം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഇയാള്‍ പറയുന്നു. പക്ഷേ, എന്തൊക്കെയായാലും മറ്റുള്ളവരെ ഭയപ്പെടുത്തി കൊണ്ടുള്ള തന്റെ ഈ ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് ഇയാളുടെ വാദം.

Related News