ഭാരത് ജോഡോ യാത്ര പൂർത്തിയായി, സമാപന സമ്മേളനം ഇന്ന് ശ്രീനഗറിൽ

  • 29/01/2023

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. ഇന്നലെ രാവിലെ പന്താചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാൽ ചൗക്കിലാണ് അവസാനിച്ചത്. രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു. 23 കക്ഷികളിൽ 13 കക്ഷികളുടെ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ പങ്കെടുക്കില്ല.പൊലീസ്, കരസേന, സിആർപിഎഫ് എന്നിവർ വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയത്. ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ത്രിവർണ പതാക ഉയർത്തുമ്പോൾ ചരിത്ര പ്രാധാന്യം ഏറെയാണ്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ കടന്നുപോയി. പതാക ഉയർത്തിയശേഷം 'ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാനം ഇന്ന് നിറവേറ്റി'യെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യക്ക് നൽകിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോൽക്കും, സ്നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related News