പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്ര: പ്രിയങ്ക ഗാന്ധി

  • 30/01/2023

ശ്രീനഗർ: പ്രതീക്ഷയുടെ കിരണമാണ് ഭാരത് ജോഡോ യാത്രയെന്ന് പ്രിയങ്ക ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യം മുഴുവൻ ഭാരത് ജോഡോ യാത്രയുടെ പ്രകാശം വ്യാപിക്കും. രാജ്യത്ത് വെറുപ്പും വിദ്വേഷവും ഇല്ലാതാകും. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്ത് ഐക്യം വീണ്ടെടുക്കാൻ സാധിക്കും. രാജ്യത്ത് ഇപ്പോഴുള്ളത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. അത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും ഭാരത് ജോഡോ യാത്ര ആത്മീയ യാത്രയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് മൗനം ആചരിച്ചാണ് സമാപന ചടങ്ങ് തുടങ്ങിയത്. തുടർന്ന് സംസാരിച്ച കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി ചരിത്രം സൃഷ്ടിച്ചുവെന്ന് പറഞ്ഞു. വെറുപ്പിന്റെ ചന്തയിൽ സ്‌നേഹത്തിൻറെ കട തുറന്നുവെന്ന രാഹുലിന്റെ മുദ്രാവാക്യം എല്ലാവരും ഏറ്റെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധിയെ ഷോൾ അണിയിച്ച് ആദരിച്ചു. 

തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് പിന്നീട് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണ്. കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിനൊപ്പം നിന്നുവെന്നും അവരോട് നന്ദിയുണ്ടെന്നും മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

Related News