ഓസ്‌കാർ ജേതാക്കൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

  • 13/03/2023

ദില്ലി:  ഓസ്‌കർ  വേദിയിൽ തിളങ്ങി ഇന്ത്യ. രണ്ട് ഓസ്‌കർ പുരസ്‌കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിലും 'ആർആർആറി'ലെ 'നാട്ടു നാട്ടു' ഗാനം ഒറിജിനിൽ സോംഗ് വിഭാഗത്തിലും ഓസ്‌കർ നേടി. വിജയികളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്. 

ആർ.ആർ.ആർ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാർ നേടിയതിൽ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്.  'നാട്ടു നാട്ടു' എന്ന ഗാനത്തിൻറെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിൻറെ വിജയത്തിൽ അണിയറക്കാർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്‌കാറിൻറെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം. 

അതേ സമയം തന്നെ ഓസ്‌കർ വേദിയിൽ ഇന്ത്യക്ക് അഭിമാനമായിരിക്കുകയാണ് എലിഫൻറ് വിസ്‌പേറേഴ്‌സ്. കാർത്തിനി ഗോൺസാൽവെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെൻററി ഷോർട്ട് ഫിലിമിനുള്ള ഓസ്‌കറാണ് നേടിയിട്ടുള്ളത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫൻറ് വിസ്‌പേറേഴ്‌സ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ, ബെല്ല ദമ്പതികളുടെ ജീവിതം ഹൃദയത്തിൽ തൊടുന്ന രീതിയിൽ അവതരിപ്പിക്കാൻ കാർത്തിനി ഗോൺസാൽവെസിന് സാധിച്ചു.

ഇതിൻറെ നേട്ടത്തിലും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. 'ദി എലിഫന്റ് വിസ്പറേഴ്സ്' മുഴുവൻ ടീമിനും അഭിനന്ദനം അറിയിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവരുടെ ഡോക്യുമെൻററി മനോഹരമായി ഉയർത്തി കാട്ടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 'ദി എലിഫന്റ് വിസ്പറേഴ്സിൽ' രഘു എന്ന ആനക്കുട്ടിയുടെ കഥ  നാൽപ്പത് മിനിറ്റ് നീളുന്ന ആവിഷ്‌കാരത്തിലൂടെ കാർത്തിനി ഗോൺസാൽവെസ് പകർത്തി.  നെറ്റ്ഫ്‌ലിക്‌സിൽ ഈ ഹ്രസ്വ ചിത്രം കാണാനാകും. ഗുനീത് മോംഗ ആണ് നിർമ്മാണം. ഇത് ജന്മനാടായ ഇന്ത്യക്ക് സമർപ്പിക്കുന്നുവെന്നാണ് കാർത്തിനി ഗോൺസാൽവെസ് ഓസ്‌കർ വേദിയിൽ പറഞ്ഞത്.

Related News