ബ്രഹ്മപുരം തീപിടിത്തം: മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും

  • 14/03/2023

തിരുവനന്തപുരം: കൊച്ചി നിവാസികളെ രണ്ടാഴ്ചത്തോളം ശ്വാസംമുട്ടിച്ച ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന നടത്തുക.


12-ാം ദിനം തീണയണച്ചപ്പോള്‍ അഗ്നിശമന സേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് ബുധനാഴ്ച പ്രത്യേക പ്രസ്താവന നടത്തുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാകും മുഖ്യമന്ത്രി പ്രധാനമായും വിശദീകരിക്കുക.

പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താന്‍ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്ബോള്‍ ചോദ്യങ്ങള്‍ ചോദിക്കാനാകില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബ്രഹ്‌മപുരത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ-ഭരണപക്ഷ വാക്‌പോരും ബഹളവും നടന്നുവരികയണ്.

Related News