കോൺഗ്രസ് പുനസംഘടനയിൽ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി; കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല

  • 14/03/2023

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല. പുനസംഘടനയിൽ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവിൽ വരും. എം പിമാരും സമിതിയുടെ ഭാഗമാകും . പട്ടികക്ക് അന്തിമരൂപം നൽകുന്നത് എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്തെന്ന് സൂചന. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും. താരിഖ് അൻവറിന്റെ കേരള സന്ദർശനം ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനെന്ന് സൂചന. 

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകൾ തുടങ്ങേണ്ട സമയത്ത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ വീണ്ടും  അസ്വാരസ്യങ്ങൾ തലപൊക്കിയിരുന്നു. നേരത്തെ പാർലമെൻറ്  തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തവണ കരുത്തുറ്റ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. 

അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു.

Related News