സഭ ചേർന്നത് 10 മിനുറ്റ് മാത്രം; ചോദ്യോത്തരവേള ഉപേക്ഷിച്ചു

  • 17/03/2023

പ്രക്ഷുബ്ധങ്ങൾക്ക് ഇടയിൽ തുടർച്ചയായ രണ്ടാം ദിനവും നിയമസഭ പിരിഞ്ഞു. ഇന്ന് പത്ത് മിനുട്ട് നേരം മാത്രമാണ് സഭ ചേർന്നത്. നിയസഭ സമ്മേളനം ചേർന്നത് മുതൽ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചിരുന്നു. വാദികളെ പ്രതികളാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പരാതിക്കാരായ ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത് എന്ത് സാഹചര്യത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ, ഉടൻ തന്നെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ആക്കി. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ, സഭ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങൾ ഇന്നും പുറത്ത് വിട്ടിട്ടില്ല. 

പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും തുടരാൻ കഴിഞ്ഞില്ല. തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള ഉപേക്ഷിച്ചു. പിന്നാലെ, ശ്രദ്ധക്ഷണിക്കലിന്റേയും സബ്മിഷന്റേയും മറുപടി മന്ത്രിമാർ മേശപ്പുറത്ത് വെക്കുകയും സഭാനടപടികൾ വേഗത്തിൽ പൂർത്തിയിക്കി സഭ പിരിയുകയും ചെയ്തു. ഒൻപതു മണിക്ക് ആരംഭിച്ച സഭ പത്ത് മിനിറ്റുകളിൽ പിരിയുകയായിരുന്നു.

നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. എന്നാൽ, സഭയിൽ ഇന്ന് അവതരിപ്പിക്കാൻ സാധിച്ചില്ല. യുഡിഎഫ് എംഎൽഎമാർക്കെതിരെ കള്ളകേസെടുത്തു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വനിത എംഎൽഎയുടെ പരാതിയിൽ കേസെടുക്കാതിരുന്ന പോലീസ് നടപടിയും ചർച്ചയാക്കാൻ പ്രതിപക്ഷ നിരയിൽ തീരുമാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ സാഹചര്യമില്ലാത്തതിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇനി എങ്ങനെ ആയിരിക്കുമെന്ന് ചോദ്യങ്ങളുയർത്തുന്നു.

Related News