വട്ടവടയിൽ മഴക്കൊപ്പം ആലിപ്പഴ പെയ്ത്ത്; പാത്രം നിറയെ കോരിയെടുത്ത് ജനം, കൃഷിനാശവും

  • 17/03/2023

മൂന്നാർ:  കടുത്ത ചൂടിനിടയിലും വട്ടവടക്കാർക്ക് ആശ്വാസമായി  ആലിപ്പഴം പെയ്തുള്ള വേനൽമഴ. ഇന്നലെ വൈകിട്ട് 4 മണിക്ക് തുടങ്ങിയ മഴ  രണ്ടര മണിക്കൂറോളമാണ് നിർത്താതെ പെയ്തത്. കനത്ത ആലിപ്പഴ വീഴ്ചയിൽ ചില പ്രദേശങ്ങളിൽ നേരിയ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. അടുത്തിടെയൊന്നും ഇതുപോലെ ആലിപ്പഴം കിട്ടിയിട്ടില്ലെന്ന് വട്ടവടയിലെ കർഷകൻ  പറഞ്ഞു.

മഞ്ഞുവീഴ്ച്ചക്ക് ശേഷമെത്തിയ ചൂട് വട്ടവടയെ കുറച്ചോന്നുമല്ല പ്രതിസന്ധിയിലാക്കിയിരുന്നത്. കൃഷിയോക്കെ കരിഞ്ഞുണങ്ങി. കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം നേരിട്ടിരുന്നു. എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ നിൽക്കുന്ന കർഷകർക്ക് മുന്നിലേക്കാണ് ഇന്നലെ  മഴ പെയ്തിറങ്ങിയത്. കൂടെ ആലിപ്പഴവും. 

സ്വാമിയാര് കുടിയിലാണ് ഏറ്റവുമധികം  ആലിപ്പഴം പെയ്തത്. പാത്രങ്ങളിൽ നിറഞ്ഞ് കവിഞ്ഞുകിടക്കുന്ന ആലിപഴം വട്ടവടയിലെ മിക്കവർക്കും ആദ്യകാഴ്ച്ചയാണ്. എന്തായാലും അപ്രതീക്ഷിതമായി എത്തിയ മഴ ഭൂമി നനച്ചതിൻറെ ആശ്വാസത്തിലാണ് വട്ടവട നിവാസികൾ. ഈ നനവിൽ പച്ചകറി നന്നായുണ്ടാകും. അതുകോണ്ടുതന്നെ അധികം ചൂടില്ലാതെ ഇതുപോലെ മുന്നോട്ട് പോകണമെന്നുമാത്രമാണ് വട്ടവടക്കാരുടെ ആഗ്രഹം.

കഴിഞ്ഞ ദിവസം രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു. മഴ കിട്ടി തുടങ്ങിയതോടെ  താപനിലയിൽ നേരിയ  കുറവുണ്ടായിട്ടുണ്ട്.  അതേസമയം സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.  മധ്യ തെക്കൻ  കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുഉണ്ടെന്നും കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Related News