സാഗര്‍ദിഘി ഉപതെരഞ്ഞെടുപ്പ് തോല്‍വി; മുസ്ലിം മൈനോരിറ്റി നേതാക്കളെ പുനര്‍വിന്യസിച്ച്‌ മമത

  • 18/03/2023

കൊല്‍ക്കത്ത: സാഗര്‍ദിഘി ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുസ്ലിം മൈനോരിറ്റി നേതാക്കളെ പുനര്‍വിന്യസിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാനര്‍ജി. ഇന്നലെയാണ് സൗത്ത് കൊല്‍ക്കത്തയിലെ മമതയുടെ വീട്ടില്‍ നിയമസഭാംഗങ്ങളും എംപിമാരും ഉള്‍പ്പെട്ട രഹസ്യ ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ സാഗര്‍ദിഘി ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് പ്രധാനമായും വിഷയമായത്.


66.28 ശതമാനം മുസ്ലിംങ്ങള്‍ താമസിക്കുന്ന സാഗര്‍ദിഘി മുര്‍ഷിദാബാദ് ജില്ലയിലാണ്. ഇതാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ മുസ്ലിംഭൂരിപക്ഷ പ്രദേശം. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സിറ്റിങ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഉപതെരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. ബയ്റോണ്‍ ബിശ്വാസ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ ദേബശിബ് ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. ഇതില്‍ ക്ഷുഭിതയായ മമതാ ബാനര്‍ജി യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് കാരണം സംഘടനാപരമായ ബലഹീനതയും ഒരു വിഭാഗം നേതാക്കളുടെ അട്ടിമറിയും ആണെന്ന് യോഗത്തില്‍ മമതാ ബാനര്‍ജി പറഞ്ഞു. ഹാജി നൂറുല്‍ ഇസ്ലാമിനെ മാറ്റി യുവനേതാവ് മൊസറഫ് ഹുസൈനെ യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റ് ഹാജി നൂറുല്‍ ഇസ്‌ലാമിനെ സെല്ലിന്റെ ചെയര്‍മാനാക്കിയിരിക്കുന്നു. നിയമസഭാംഗമായ മൊസറഫ് ഹുസൈനാണ് പുതിയ പ്രസിഡന്റ് തൃണമൂല്‍ എംപി സുദീപ് ബന്ദോപാധ്യായ പറഞ്ഞു.

വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2024ലെ ലോക്‌സഭാ മത്സരത്തിനും വേണ്ടിയുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. അതേസമയം, യോഗത്തില്‍ സാഗര്‍ദിഘി തോല്‍വി അന്വേഷിക്കാന്‍ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

Related News