കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി പ്രതിപക്ഷ സഖ്യനീക്കത്തിന് കരുക്കള്‍ നീക്കി തൃണമൂല്‍ കോണ്‍ഗ്രസ്

  • 18/03/2023

ദില്ലി: കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി പ്രതിപക്ഷ സഖ്യനീക്കത്തിന് കരുക്കള്‍ നീക്കി തൃണമൂല്‍ കോണ്‍ഗ്രസ്. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തിയ മമത ബാനര്‍ജി വ്യാഴാഴ്ച നവീന്‍ പട് നായിക്കിനെ കാണും. അദാനിക്കെതിരായ നീക്കത്തില്‍ സഹകരിക്കുന്ന പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.


പ്ലീനറി സമ്മേളനത്തിലൂടെ കോണ്‍ഗ്രസ് ഉന്നമിട്ട പ്രതിപക്ഷ സഖ്യനീക്കത്തെ കടത്തി വെട്ടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്.. ബിജെപിയും കോണ്‍ഗ്രസും തുല്യ എതിരാളികളാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ മറ്റ് കക്ഷികളുമായി തുറന്ന ചര്‍ച്ചക്ക് മമത ബാനര്‍ജി ഇറങ്ങുന്നു. കഴിഞ്ഞ ദിവസം ബംഗാളില്‍ മമതയുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷ് യാദവ് പങ്കുവച്ചതും മമതയുടെ നിലപാട് തന്നെ.

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല. വരുന്ന ലോക് സഭ തെരഞ്ഞെെടുപ്പില്‍ അമേത്തിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന അഖിലേഷിന്‍റെ പ്രഖ്യാപനം ഈ നീക്കത്തിന്‍റെ മുന്‍കൂട്ടിയുള്ള സൂചനയാണ്. ഒന്നിച്ച്‌ നീങ്ങാമെന്ന സന്ദേശം അഖിലേഷില്‍ നിന്ന് കിട്ടിയ മമത നവീന്‍ പട്നായിക്കിലൂടെ ബിജു ജനതാദളിന്‍റെയും പിന്തുണ ഉറപ്പിക്കാനുള്ള നീക്കത്തിലാണ്.

ദില്ലിയിലെത്തുന്ന മമത അരവിന്ദ് കെജ്രിവാളിനെ കാണും. പ്രതിപക്ഷ സഖ്യം യാഥാര്‍ത്ഥ്യമാക്കണമെന്നാവര്‍ത്തിച്ചാവശ്യപ്പെടുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും പിന്തുണ തേടും. നിതീഷ് പല കുറി ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. ഇടത് പാര്‍ട്ടികളെ പാളയത്തിലെത്തിക്കാനും മമത ശ്രമം നടത്തിയേക്കും. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തൃണമൂലിന് മൂന്നാം മുന്നണി രൂപീകരണം തല്‍ക്കാലം അജണ്ടയിലില്ല, പകരം പ്രാദേശിക പാര്‍ട്ടികളുടെ സഖ്യരൂപീകരണത്തിനാണ് ശ്രമം.

അതേ സമയം പാര്‍ലമെന്‍റില്‍ അദാനിക്കെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ 16 കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇവരോടൊപ്പം നീങ്ങാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ പാര്‍ലമെന്‍റ് പ്രതിഷേധത്തിനപ്പുറം സഖ്യം തുടരുമോയെന്നതില്‍ ഒരു കക്ഷിയും മനസ് തുറന്നിട്ടില്ല.

Related News