വമ്പൻ വിപുലീകരണ പദ്ധതികളുമായി ആകാശ എയർ; വരാൻ പോകുന്നത് വൻതോതിലുള്ള നിയമനങ്ങൾ

  • 25/03/2023



ദില്ലി: രാജ്യത്തെ ഏറ്റവും പുതിയതും അതിവേഗം വളരുന്നതുമായ എയർലൈനായ ആകാശ എയർ വിപുലീകരണത്തിന് ഒരുങ്ങുന്നുന്നു. ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ തയാറെടുക്കുന്ന ആകാശ എയർ വലിയ നിയമനങ്ങൾ നടത്താനും പദ്ധതിയിടുന്നു. 

ഈ സാമ്പത്തിക വർഷത്തിൽ നിലവിലെ തൊഴിലാളികളെ 1.5 മടങ്ങായി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. കൂടാതെ, നൂറിൽ കൂടുതൽ വിമാനങ്ങൾ വാങ്ങാനും പദ്ധതിയുണ്ട്. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയർ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈൻ കൂടിയാണ്. 

ഏഴ് മാസങ്ങൾക്ക് മുമ്പാണ് ആകാശ എയർ അതിന്റെ കന്നി പറക്കൽ നടത്തിയത്. തുടർന്ന് അതിവേഗ വളർച്ചയാണ് ഉണ്ടായത്. ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ എയർ പദ്ധതിയിടുന്നു. 

ആകാശ എയർ ഇതിനകം തന്നെ പുതിയ 72 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 19 എണ്ണം ഇതിനകം എത്തിയതായാണ് റിപ്പോർട്ട്. അടുത്ത മാസം 20-ാമത്തെ വിമാനം കൂടി ലഭിച്ചു കഴിഞ്ഞാൽ വിദേശത്തേക്ക് പറക്കാനുള്ള യോഗ്യത ലഭിക്കും. ആകാശ എയർ പ്രതിദിനം 110 സർവീസുകൾ നടത്തുന്നുണ്ട്. നിലവിൽ ആകാശയ്ക്ക് 2,000 ജീവനക്കാരുമുണ്ട്. ഈ വർഷം ഏകദേശം 1,000 പേരെ കൂടി നിയമിക്കാൻ പദ്ധതിയിടുന്നു.

Related News