പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചു

  • 24/05/2023

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ഒന്നിപ്പിച്ച്‌ പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം. 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം, ഒറ്റക്കെട്ടായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചു. ഉദ്ഘാടനം ബഹിഷ്കരിച്ച്‌ കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എൻസിപി, ആര്‍ജെഡി, എഎപി, ജെഡിയു, ഡിഎംകെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെഎംഎം, എൻ.സി, ആര്‍എല്‍ഡി, ആര്‍എസ്പി, വിസികെ, എംഡിഎംകെ എന്നീ 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് സ്വന്തം പ്രസ്താവയാകും ഇറക്കുക.


പാര്‍ലമെന്റിന്റെ അധ്യക്ഷൻ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘമാണ് ഇതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു.

ഉദ്ഘാടന പരിപാടിയില്‍ രാഷ്ട്രപതിയെ അവഗണിച്ചത് അവഹേളനം മാത്രമല്ല ജനാധിപത്യത്തോടുള്ള അതിക്രമവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

'സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ തക്കതായ പ്രതിഷേധം ഉയരണം എന്ന് കരുതുന്നു. രാഷ്ട്രപതി ഇന്ത്യയുടെ ഭരണത്തലവൻ മാത്രമല്ല പാര്‍ലമെന്റിന്റെ പ്രധാന ഭാഗവുമാണ്. രാഷ്ട്രപതിയില്ലാതെ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് രാഷ്ട്രപതിയെ അവഹേളിക്കുന്നതാണ്. ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്ന നടപടി. ആദ്യ ആദിവാസി രാഷ്ട്രപതി എന്ന രാജ്യത്തിന്റെ ആഘോഷത്തെ ഈ നടപടി ഇല്ലാതാക്കും' പ്രസ്താവനയില്‍ പറഞ്ഞു.

Related News