നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു

  • 25/05/2023

ഭോപ്പാല്‍: നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച ഒരു കുഞ്ഞ് കൂടി ചത്തു. നാല് കുഞ്ഞുങ്ങളില്‍ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു. അസുഖം ബാധിച്ചാണ് മരണം. നമീബിയയില്‍ നിന്ന് എത്തിച്ച ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. 70 വ‍ര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ജനിച്ച ചീറ്റകളിലൊന്നാണ് ഇത്. ആദ്യത്തെ കുഞ്ഞിന്റെ മരണം നിര്‍ജലീകരണം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ചതില്‍ മൂന്നാമത്തെ ചീറ്റയും കഴിഞ്ഞ ദിവസം ചത്തിരുന്നു. ദക്ഷ എന്നു പേരിട്ട പെണ്‍ ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ ചത്തത്. മറ്റു ചീറ്റകളുമായി ഏറ്റുമുട്ടി മാരകമായി മുറിവേറ്റതാണ് ചീറ്റയുടെ മരണ കാരണമായി പറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. ആ രണ്ട് ചീറ്റകളും അസുഖം ബാധിച്ചാണ് ചത്തത്.

കഴിഞ്ഞ മാസം ഉദയ് എന്ന ചീറ്റ കുനോ നാഷണല്‍ പാര്‍ക്കില്‍ അസുഖം ബാധിച്ച്‌ ചികിത്സയിലിരിക്കെ ചത്തിരുന്നു. അതിന് മുന്നത്തെ മാസം കിഡ്നി സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയും ചത്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ചീറ്റകളെ കൂടുതുറന്ന് വിട്ടത്.

Related News