301 കോളനി സന്ദർശിക്കാനെത്തി അരിക്കൊമ്പൻ ഫാൻസ്; തടഞ്ഞ് നാട്ടുകാർ

  • 10/07/2023

ഇടുക്കി: ഇടുക്കിയിലെ 301 ആദിവാസി കോളനി സന്ദർശിക്കാനെത്തിയ അരിക്കൊമ്പൻ ഫാൻസ് അംഗങ്ങളെ നാട്ടുകാർ തടഞ്ഞു. മൃഗസംരക്ഷണ സംഘടനയായ അനെക്കിന്റെ പ്രതിനിധികളെയാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാർ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഭാരവാഹികൾ ആരോപിച്ചു.

ആനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്മ്യൂണിറ്റി എന്ന സംഘടനയുടെ പ്രവർത്തകരായ ഏഴംഗ സംഘമാണ് ചിന്നക്കനാലിൽ എത്തിയത്. വനിതകളും സംഘത്തിലുണ്ടായിരുന്നു. അരിക്കൊമ്പനെ പിടിച്ച് മാറ്റിയതിൽ പ്രതിഷേധിച്ച് 18 ന് മൂന്നാർ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ധർണ നടത്താൻ ഇവർ തീരുമാനിച്ചിട്ടുണ്ട്. അരിക്കൊമ്പൻ വിഹരിച്ച 301 കോളനി സന്ദർശിച്ച് താമസക്കാരെ ഇതിലേക്ക് ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. സിങ്കുകണ്ടത്ത് നിന്ന് 301 കോളനിയിലേക്കുള്ള വഴിയിൽ വച്ച് നാട്ടുകാർ ഇവരെ തടഞ്ഞു. അരിക്കൊമ്പൻ സ്‌നേഹികളിൽ ഒരാളായ ബൈസൺവാലി സ്വദേശിയായ സുരേന്ദ്രൻ എന്നയാളുമായി തർക്കമായി.

അതേസമയം, പ്രദേശത്തെ കാട്ടാന ശല്യത്തെക്കുറിച്ച് സംഘാംഗങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് തർക്കം മാത്രമാണുണ്ടായതെന്നാണ് സിങ്കുകണ്ടത്തെ നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തും മുൻപേ ഇരു കൂട്ടരും പിരിഞ്ഞ് പോയി. തുടർന്ന് സംഘടനാ പ്രതിനിധികൾ മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി.

Related News