സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  • 10/07/2023

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയില്‍ സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വര്‍ക്കര്‍മാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കില്‍ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


വയോജന പദ്ധതികള്‍ സംബന്ധിച്ച്‌ വയോധികരില്‍ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവബോധമില്ലാത്തത് അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. വാര്‍ഡ് മെമ്ബര്‍മാര്‍, ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാര്‍, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളര്‍ത്തുന്നതിന് നടപടികളെടുക്കാനാണ് പിണറായി വിജയൻ നിര്‍ദ്ദേശം നല്‍കിയത്.

സാമൂഹ്യനീതി വകുപ്പിന് ജില്ലകളില്‍ നിലവില്‍ ഒരു കാര്യാലയം മാത്രമാണുള്ളത്. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ എത്തിക്കുന്നതിനും സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ബ്ലോക്ക് തലത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കും. എല്ലാ ബ്ലോക്കിലും വയോമിത്രം കോര്‍ഡിനേറ്റര്‍മാരെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നിയമിക്കണം. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമയബന്ധിതമായി അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കണം. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോര്‍ട്ട് പരിശോധിച്ച്‌ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയിലാണെന്ന് ഉറപ്പാക്കണം.

Related News