കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷത്തിനുശേഷം പിടിയില്‍

  • 11/07/2023

ചെട്ടികുളങ്ങര: കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷത്തിനുശേഷം പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലം പേള ചേന്നത്തു വീട്ടില്‍ ജയപ്രകാശ് കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി മാടശ്ശേരി ചിറയില്‍ ചിങ്കു എന്നു വിളിക്കുന്ന ശ്രീകുമാര്‍ (51) ആണ് പിടിയിലായത്. കോഴിക്കോട് ചെറുവണ്ണൂര്‍ കൊല്ലേരിതാഴം ഭാഗത്ത് വീരാറ്റി തറയില്‍ (ശ്രീശൈലം) എന്ന വിലാസത്തില്‍ താമസിക്കുകയായിരുന്നു. മാവേലിക്കര പോലീസാണ് ഇയാളെ പിടിച്ചത്.


1995 ജനുവരി 12-നാണ് കേസിനാസ്പദമായ സംഭവം. മിലിറ്ററി ഉദ്യോഗസ്ഥനായ ജയപ്രകാശുമായി കാട്ടുവള്ളി ക്ഷേത്രമൈതാനത്തുവെച്ച്‌ പ്രമോദ്, ശ്രീകുമാര്‍, ജയചന്ദ്രൻ എന്നിവര്‍ വഴക്കിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗുരുതര പരിക്കേറ്റ ജയപ്രകാശ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് ശ്രീകുമാര്‍ ഒളിവില്‍പ്പോയി. കേസിലെ മറ്റു പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണ നേരിട്ടു. ശ്രീകുമാറിനെ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. ശ്രീകുമാറിനെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ പ്രേത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷണം തുടങ്ങിയതാണ് വഴിത്തിരിവായത്.

നാട്ടില്‍നിന്നു കിട്ടിയ വിവരമനുസരിച്ച്‌ ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന മംഗളൂരു, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ പോലീസെത്തി. അവിടെ ഇലക്‌ട്രീഷ്യനായി ജോലിചെയ്തശേഷം ഇയാള്‍ കോഴിക്കോട്ടെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇതിനിടെ വിവാഹം കഴിച്ച ഇയാള്‍ കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാര്‍, മാവേലിക്കര ഇൻസ്പെക്ടര്‍ സി. ശ്രീജിത്ത്, എ.എസ്.ഐ. പി.കെ. റിയാസ്, സീനിയര്‍ സി.പി.ഒ. ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുണ്‍ ഭാസ്കര്‍, സി.പി.ഒ. എസ്. സിയാദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ശ്രീകുമാറിനെ ചൊവ്വാഴ്ച മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Related News